
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള 1.4 കോടിയിലധികം വ്യക്തികളുടെ ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകളാണ് ഇത്തരത്തില്‍ നിര്‍ജ്ജീവമാക്കിയത്. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മരിച്ചവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണിത്.
‘ക്ഷേമ പദ്ധതികളുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാനും ദുരുപയോഗം തടയുന്നതിനും മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കേണ്ടത് ആവശ്യമാണ്. വ്യാജ അവകാശവാദങ്ങള്‍ക്കോ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കോ വേണ്ടി പൊതു ഫണ്ട് പാഴാകുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു’- യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ പറഞ്ഞു.
നിലവില്‍, 3,300-ലധികം സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഡിസംബറോടെ മരിച്ച വ്യക്തികളുടെ രണ്ട് കോടി ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കാനാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തിന് വരുന്ന ഏറ്റവും വലിയ വെല്ലുവിളി മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ല എന്നതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പല കേസുകളിലും മരണ രേഖകളില്‍ ആധാര്‍ നമ്പറുകള്‍ കാണുന്നില്ല. അല്ലെങ്കില്‍ തെറ്റായോ അപൂര്‍ണ്ണമായോ നല്‍കിയത് മൂലം ഡാറ്റയില്‍ പൊരുത്തക്കേടുകള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Be the first to comment