ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ട; ഇതിലും വലിയ ഏമാൻ വിചാരിച്ചിട്ട് പറ്റിയില്ല; അബിൻ വർക്കി

 കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. സുബ്രഹ്‌മണ്യനെ ഇതുപോലുള്ള ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ടെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ഇതിലും വലിയ ഏമാന്‍ വിചാരിച്ചിട്ട് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മിത ചിത്രം പങ്കുവെച്ചതിനാണ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്.

‘ആദ്യം പറഞ്ഞു ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടില്ല എന്ന്. പിന്നെ പറഞ്ഞു ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സംസാരിച്ചിട്ടില്ല എന്ന്. പിന്നെ പറഞ്ഞു ഉദ്ഘാടനത്തിന് വന്നപ്പോള്‍ ഹലോ പറഞ്ഞതാണ് എന്ന്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞു ഇതുമായി ബന്ധപ്പെട്ട പടങ്ങള്‍ എല്ലാം എ ഐ ആണെന്ന്.അവസാനം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പരിപാടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന രണ്ട് സിപിഐഎംകാരെയും നാളിതുവരെയായി പാര്‍ട്ടി പുറത്താക്കിയിട്ടില്ല. ഞങ്ങള്‍ ഇതുവരെ സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട് എന്ന് പറഞ്ഞിട്ടില്ല. പക്ഷെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് കടന്നപ്പോള്‍ തൊട്ട് മുഖ്യമന്ത്രി അങ്ങ് അസ്വസ്ഥനാണ്. എവിടെയോ എന്തോ ചീഞ്ഞു നാറുന്നത് പോലെ’, അബിന്‍ വര്‍ക്കി പറഞ്ഞു.

ഇന്ന് രാവിലെയാണ് പോലീസ് എന്‍ സുബ്രഹ്‌മണ്യത്തെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പോലീസായിരുന്നു സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയുള്ള സുബ്രഹ്‌മണ്യന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്നാണ് ഫോട്ടോ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്‌മണ്യന്‍ ചിത്രം പങ്കുവെച്ചത്. പ്രചരിപ്പിക്കുന്നത് എഐ നിര്‍മിത ഫോട്ടോയാണെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*