കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി

കേരളത്തിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ പരിപാടി നടത്തുമെന്ന് ABVP സംസ്ഥാന കമ്മിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജിൽ രാവിലെ 11:30 മണിക്ക് വിഭജന ഭീതി ദിനം ആചരിക്കും

കാസർഗോഡ് കേരള കേന്ദ്ര സർവ്വകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ചു. പുലർച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. സർവ്വകലാശാലയിൽ ഇന്ന് മുഴുവൻ വിഭജന ഭീതി ദിനമായി ആചരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗവർണറുടെ നിർദേശം അനുസരിച്ച് സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് വിഭജന ഭീതി ദിനാചരണം നടക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ദിനാചരണത്തിന് നിർദേശം നൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്. ദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെഎസ്‍യുവും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സർക്കാർ കോളേജുകളിൽ വിഭജന ഭീതിദിനാചരണം നടക്കാൻ സാധ്യത കുറവാണ്. ബി ജെ പി അനുകൂല എയ്ഡഡ്, അൺ എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലെ കോളേജുകളിൽ ദിനം ആചരിച്ചേക്കും.

നിർദേശം ഗവര്‍ണര്‍ സ്വമേധയാ എടുത്ത തീരുമാനമെന്ന പ്രചരണത്തിൽ രാജ്ഭവനും അതൃപ്തിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നും, വിമര്‍ശിക്കുന്നത് ദുരുദ്ദേശത്തോടെയെന്നുമാണ് രാജ്ഭവന്‍ നിലപാട്.

ഓഗസ്റ്റ് പതിനാലിന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കിയത് രണ്ട് ദിവസം മുന്‍പാണ്. ഗവര്‍ണര്‍ പറയുന്ന ദിനാചരണമൊന്നും സംസ്ഥാനത്തെ കാമ്പസുകളില്‍ നടപ്പാവില്ലെന്ന് ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ നിലപാട് കോളജുകളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*