തിരുവനന്തപുരം വഴുതക്കാട് ബൈക്ക് യാത്രികരെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയതിന് നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍ പിള്ള രാജുവിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. അമിത വേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. താന്‍ പരിഭ്രമിച്ചെന്നും കാര്‍ നിര്‍ത്താതിരുന്നത് തെറ്റായിപ്പോയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
യുവാക്കള്‍ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം. ശബ്ദം കേട്ട ഉടനെ പാനിക്കായി. സുഹൃത്തുക്കളെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. ആംബുലന്‍സ് ക്രമീകരിക്കാനും ആവശ്യപ്പെട്ടു. താന്‍ ഒരു ക്യാന്‍സര്‍ പേഷ്യന്റെ ആണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ് – മണിയന്‍പിള്ള രാജു പറഞ്ഞു.
വൈദ്യ പരിശോധന ഫലം ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചേര്‍ക്കും. നിലവില്‍ ചുമത്തിയിരിക്കുന്നത് അലക്ഷ്യമായി വാഹനം ഓടിച്ചു അപകടം ഉണ്ടാക്കല്‍,വൈദ്യ സഹായം നല്‍കിയില്ല എന്നത് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. ഒരു യുവാവിന് നട്ടെല്ലിനും കൂടെയുണ്ടായിരുന്നയാള്‍ക്ക് കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. സൂരജിന് കാലിന് പൊട്ടലുണ്ട്. നിവേദിന്റെ രണ്ട് കാലിന്റേയും അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്.
കാറിന്റെ ആര്‍സി ഓണറുടെ പേര് സുധീര്‍ കുമാര്‍ രാജു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയത്. കാര്‍ ക്ലബ്ബില്‍ നിന്ന് അമിത വേഗതയിലാണ് ഇറങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. ക്ലബ്ബില്‍ നിന്ന് ജവഹര്‍ നഗറിലെ വീട്ടിലേക്ക് പോകുകയായിരുന്നു താരം. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് മണിയന്‍പിള്ള രാജു സ്ഥിരീകരിച്ചെന്നാണ് വിവരം.



Be the first to comment