തിരുവനന്തപുരം വർക്കലയിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റുമായ പി കെ ശ്രീമതി. കേരളത്തിലെ എംപിമാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാ അസോസിയേഷൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയയ്ക്കുമെന്ന് പി കെ ശ്രീമതി വ്യക്തമാക്കി.
ശ്രീക്കുട്ടിക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണ്. സർജറിക്ക് പറ്റിയ സാഹചര്യമല്ല നിലവിലെന്നാണ് ഡോക്ടർമാർ വിശദീകരിച്ചത്. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശ്രീകുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.
അതേസമയം, ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ യാത്രക്കാരന്റെ ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പോലീസ്. കണ്ടെത്തി കഴിഞ്ഞാൽ പാരിതോഷികം അടക്കം നൽകാൻ ആലോചനയുണ്ട്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഈ യാത്രക്കാരനാണ്.
പ്രതി ട്രെയിനിൽ കയറുന്നതിനു മുൻപ് മദ്യപിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതിയും സുഹൃത്തുമാണ് ബാറിൽ കോട്ടയത്തെ ബാറിൽ കയറി മദ്യപിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളും കേസ് അന്വേഷണത്തിൽ നിർണായകമാകും.പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്താനും നീക്കമുണ്ട്. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരുക്കേറ്റ യുവതിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. തലയ്ക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്.



Be the first to comment