‘ഒരു പരാതി പോലുമില്ല, എന്നിട്ടും 24 മണിക്കൂറിനകം രാജി വച്ചു, മുഖം നോക്കാതെ നടപടി’

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ പ്രതിഷേധിക്കുന്നവരും ബഹളം ഉണ്ടാക്കുന്നുവരും അവരുടെ കാര്യത്തില്‍ എന്താണ് ചെയ്തതെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ സംസാരിച്ച വികെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ടാണ്, ഇതില്‍ താന്‍ ഫോണില്‍ പ്രതിഷേധം അറിയിച്ചു. അദ്ദേഹം ആ തെറ്റ് തിരുത്തി. പരാതിക്കാരെ ആക്ഷേപിക്കുന്ന നിലപാട് കോണ്‍ഗ്രസില്‍ പറ്റില്ല, അതൊക്കെ തെറ്റാണ്. ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ ഗൗരവതരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അദ്ദേഹത്തിനെതിരെ ഒരു പരാതി പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ആരോപണങ്ങള്‍ വന്ന് 24 മണിക്കൂറിനുളളില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചു. ഈ കാര്യങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. വിഷയത്തില്‍ ശരിക്കും തന്റെ വീട്ടിലേക്കല്ല മാര്‍ച്ച് നടത്തേണ്ടത്, ക്ലിഫ് ഹൗസിലേക്കാണ് അവര്‍ മാര്‍ച്ച് നടത്തേണ്ടത്. കേരളത്തില്‍ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതല്‍ ആളുകളെ പ്രൊട്ടക്ട് ചെയ്യുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്’

‘കോഴിയെകൊണ്ടുവന്ന് പ്രകടനം നടത്തി, കൊള്ളാം നല്ല തമാശയാണ്, പക്ഷെ കോഴിഫാം നടത്തുന്ന ആളുകളുണ്ട് അങ്ങോടല്ലെ പ്രകടനം നടത്തേണ്ടത്, സിപിഎം നേതാക്കള്‍ കോഴി ഫാം നടത്തുകയാണ് അങ്ങോടാണ് ശരിക്കും പ്രകടനം നടത്തേണ്ടത്. ബിജെപിയുടെ മുന്‍മുഖ്യമന്ത്രി ഒരു പോക്സോ കേസില്‍ പ്രതിയായിട്ടും ഇപ്പോഴും ഉന്നത സ്ഥാനത്ത് ഇരിക്കുന്നുണ്ട്. അതുകൊണ്ട് ബിജെപി നേതാക്കന്‍മാര്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുക്കാന്‍ വരേണ്ട. കോണ്‍ഗ്രസിന് ഒരു തീരുമാനമുണ്ട്. അത് ഞങ്ങള്‍ എടുത്തോളാം. ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ വേട്ടയാടരുത്. വികെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ടാണ്, ഇതില്‍ ഞാന്‍ ഫോണില്‍ പ്രതിഷേധം അറിയിച്ചു. അദ്ദേഹം ആ തെറ്റ് തിരുത്തി. അതൊന്നും കോണ്‍ഗ്രസില്‍ പറ്റില്ല, അതൊക്കെ തെറ്റാണ്. ആരോപണ വിധേയനായ ആളുടെ ഭാഗം കേള്‍ക്കും. വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും നാവനക്കാര്‍ അവകാശമില്ല’ വിഡി സതീശന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*