‘കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം’

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച് സാമുഹിക ജീവിതം വികസിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ. ദാരിദ്ര്യം മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്നിലുളള വലിയ വെല്ലുവിളി അതാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചെട്ട് മാസത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയാണ്. അത് ഈ കേരളപ്പിറവി ദിനമായതില്‍ സന്തോഷമുണ്ട്. കേരളത്തിന് എന്നെക്കാള്‍ നാലഞ്ച് വയസ് കുറവാണ്, കേരളം എന്നെക്കാള്‍ ഇളയതാണ്. എന്നെക്കാള്‍ ചെറുപ്പമാണ്. നമ്മുടെ സാമൂഹിക സൂചികകള്‍ പലപ്പോഴും ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതിലൊരും ഭാഗം പോലുമില്ലാത്ത കേരളാണ് ഒരുപാട് നേട്ടങ്ങള്‍ കൊയ്യുന്നത്. സാമൂഹിക സേവനരംഗത്ത് മറ്റ് പലരെക്കാള്‍ മുന്നിലാണ് നാം. ഈ നേട്ടങ്ങള്‍ എല്ലാം നേടിയത് നമ്മുടെ സാമൂഹ്യബോധത്തിന്റെ, നമ്മുടെ ജനാധിപത്യബോധത്തിന്റെ ഫലമാണ്.

അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളു. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്‍പില്‍ ബാക്കിയാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ നാം തോളോടുതോള്‍ ചേര്‍ന്ന് പരിഹരിച്ചിട്ടുണ്ട്. പരസ്പരസ്‌നേഹവും പരസ്പര വിശ്വാസവും മറ്റ് അതിര്‍വരമ്പുകളില്ലാത്ത നമ്മുടെ സാഹോദര്യവും ആണ് അതിന് കാരണമായത്. ഈ ഭരണസംവിധാനത്തില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം വളരെ വിശ്വാസപൂര്‍വം നിര്‍വഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒന്‍പത് മാസമായി നാട്ടിലുണ്ടായിരുന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. വികസനം എന്നുപറയുന്നത് ആരുടെ വികസനമാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. നമ്മുടെ സാമൂഹിക ജീവിതമാണ് വികസിക്കേണ്ടത്. ദാരിദ്ര്യം പരിപൂര്‍ണമായി തുടച്ച് നീക്കണം. കേരളം പലതിനും മാതൃകയാണ്. ദാരിദ്ര്യം തുടച്ചുമാറ്റാന്‍ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. വിശക്കുന്ന വയറിന് മുന്നില്‍ ഒരുവികസനത്തിനും വിലയില്ല. ഇന്ന് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സന്തോഷം അതിന്റെ മാതൃകയായകെട്ട, ആരംഭമാകട്ടെ. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുകേരളപ്പിറവിയും ഇന്ന് ജനിച്ച എല്ലാവര്‍ക്കും ജന്മദിനവും ആശംസിക്കുന്നു’- മമ്മൂട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*