
ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഒരു മണിക്കൂർ പിന്നിട്ടെങ്കിലും പൂർണമായും സഹകരിക്കാതെ നടൻ ഷൈൻ ടോം ചാക്കോ. പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഒറ്റ വാക്കിലാണ് ഷൈൻ മറുപടി നൽകുന്നത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.
ഷൈൻ മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരം ഇടപാട് നടത്തുന്ന ഫോൺ അല്ല ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സംശയം. ഒരു ഫോൺ മാത്രമായിട്ടാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. എല്ലാ ഫോണുകളും കൊണ്ടുവരാത്തത് എന്തെന്ന ചോദ്യത്തിന് മറന്നുപോയി എന്നായിരുന്നു നടൻ നൽകിയ മറുപടി.
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ ചോദ്യം ചെയ്യലിനായി ഹാജരാകാൻ എത്തിയത്.
അതേസമയം, 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയതിനെക്കുറിച്ചടക്കമുള്ള കാര്യങ്ങൾ നടനിൽ നിന്ന് പൊലീസ് ചോദിച്ചറിയും.ഷൈനിൻ്റെ ചോദ്യം ചെയ്യൽ വിഡിയോയായി ചിത്രീകരിക്കുകയും ചെയ്യും.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപെട്ട ശേഷം ഷൈൻ താമസിച്ച ഹോട്ടലിലെ സിസിടിവി യും പൊലീസ് എടുത്തിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയും പൊലീസ് ശേഖരിച്ചു
Be the first to comment