നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടെന്ന് കോടതി. പ്രതികള്‍ ഫോണ്‍ നശിപ്പിച്ച് കായലില്‍ കളഞ്ഞെന്നാണ് അന്വേഷണ സംഘം മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം വേണമെന്നാണ് പറയുന്നത്. ഇത് രണ്ടും പൊരുത്തപ്പെടുന്നില്ലെന്നാണ് വിധിയില്‍ കോടതി വ്യക്തമാക്കുന്നത്.
കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് ആ മൊബൈല്‍ ഫോണ്‍. എന്നാല്‍ ഫോണ്‍ ഏത് ബ്രാന്റ് ആണെന്നോ ഏത് നിറമാണെന്നോ അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിധിയില്‍ പറയുന്നത്. ഫോണ്‍ നശിപ്പിച്ച് കളഞ്ഞെങ്കില്‍പ്പോലും ഫോണ്‍ നശിപ്പിച്ചെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ ഫോണിനെക്കുറിച്ച് പറയുന്ന കാര്യങ്ങളിലെല്ലാം ആശയക്കുഴപ്പങ്ങളും പൊരുത്തക്കേടുകളുമാണ് നിലനില്‍ക്കുന്നതെന്നാണ് കോടതിയുടെ വിമര്‍ശനം.
കേസില്‍ ദിലീപും പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ ഒരു കഷണം പേപ്പര്‍ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്നാണ് കോടതി വിധിയിലെ മറ്റൊരു പരാമര്‍ശം. കാറില്‍ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പാര്‍ക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികള്‍ ഉള്‍പ്പെടെ ഒന്നുമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.



Be the first to comment