ശിക്ഷ കഴിഞ്ഞ് ആദ്യം മോചിതനാവുക പള്‍സര്‍ സുനി, പ്രതികളുടെ ജയില്‍വാസം ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക ഒന്നാം പ്രതി പള്‍സര്‍ സുനി. വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന വിധിയിലെ പരാമര്‍ശമാണ് പ്രതികളുടെ ശിക്ഷാ കാലാവധി നിശ്ചയിക്കുന്നത്.

എട്ട് വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ ഇതിനോടകം എഴ് വര്‍ഷവും ആറ് മാസവും 29 ദിവസവും ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഇനി 12 വര്‍ഷവും 5 മാസവും തടവില്‍ കഴിഞ്ഞാല്‍ മതിയാകും. കേസിലെ ആറാം പ്രതിയായ വടിവാള്‍ സലീം എന്ന എച്ച് സലീം ആണ് ഏറ്റവും കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വരിക. ഒരു വര്‍ഷവും 11 മാസവും 28 ദിവസവുമാണ് വിചാരണ കാലയളവില്‍ പ്രതി ജയിലില്‍ കഴിഞ്ഞത്. 18 വര്‍ഷവും ഒരുമാസവുമാണ് ഇപ്പോഴത്തെ വിധി അനുസരിച്ച് സലീം തടവില്‍ കഴിയേണ്ടി വരിക.

അഞ്ച് വര്‍ഷവും 21 ദിവസവും ജയില്‍ കഴിഞ്ഞിട്ടുള്ള രണാം പ്രതി മാര്‍ട്ടിന്‍ ആന്റണി 14 വര്‍ഷവും 11 മാസവുമാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. മൂന്നാം പ്രതി പി വി വിജിഷ് 14 വര്‍ഷവും 10 മാസവും തടവ് അനുഭവിക്കണം. നാലാം പ്രതി ബി മണികണ്ഠന്‍ 14 വര്‍ഷവും ഒരുമാസവും, അഞ്ചാം പ്രതി പ്രദീപ് കുമാര്‍ 16 വര്‍ഷവും ആറ് മാസവും ജയിലില്‍ കഴിയേണ്ടിവരും. പ്രതികള്‍ 50,000 രൂപ വീതം പിഴയും ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയില്‍ വാസം അനുഭവിക്കണം.

ഒന്നാം പ്രതി പള്‍സര്‍ സുനി അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കണം. അതിജീവിതയ്ക്ക് 5 ലക്ഷം നല്‍കണം. അതിജീവിതയുടെ മോതിരവും തിരികെ നല്‍കണമെന്ന് കോടതി പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് ജഡ്ജി ഹണി എം വര്‍ഗീസ് അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*