നടിയെ ആക്രമിച്ച കേസ്; വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണം; പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണത്തിൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ല ചീഫ് ജസ്റ്റിസിന് പ്രസിഡന്റ് കത്തയച്ചതെന്ന് അസോസിയേഷൻ. ജഡ്ജിമാർക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി.

അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ആണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. വിധിയിലെ വിവരങ്ങൾ സംബന്ധിച്ച് ഊമ കത്ത് ലഭിച്ചെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വിധി വരുന്നതിന് ഒരാഴ്ച മുൻപാണ് ഊമ കത്ത് ലഭിച്ചതെന്നാണ് പറയുന്നത്. കത്തിന്റെ പകർപ്പും ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 8 ന് വിധി പറയുന്ന കേസിൽ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്,ഒമ്പതാം പ്രതി സനിൽ കുമാർ എന്നിവരെ ഒഴിവാക്കുമെന്ന് ഊമക്കത്തിൽ പറയുന്നുണ്ട്. ജുഡീഷ്യറിയുടെ വിശ്വാസം ഉറപ്പാക്കാൻ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

അതേസമയം ആറ് പ്രതികൾക്കുള്ള ശിക്ഷാവിധിക്ക് ശേഷം അപ്പീൽ നൽകാനാണ് പ്രോസിക്യൂഷൻ തീരുമാനം. വെള്ളിയാഴ്ചയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പടെ ഒന്നു മുതൽ 6 വരെ പ്രതികളുടെ ശിക്ഷയിൽ വാദം നടക്കുക. വിധി പകർപ്പ് ലഭിച്ച ഉടൻ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

തനിക്കെതിരെ കേസിൽ ഗൂഢാലോചന നടന്നു എന്ന നിലപാട് ദിലീപ് ആവർത്തിച്ചിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് ദിലീപിന്റെ നീക്കം. അതുകൊണ്ടുതന്നെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ശിക്ഷാവിധിക്ക് ശേഷവും തുടർചലനങ്ങൾ ഉണ്ടാകും.

Be the first to comment

Leave a Reply

Your email address will not be published.


*