നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല.കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്. അവർ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാർഥ്യമാണ് എന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂർണമാകൂ എന്നും മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.
പോലീസിലും നിമയവിശ്വാസത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ നീതി പൂർണമാകേണ്ടതുണ്ടെന്ന് മഞ്ജു പറയുന്നു. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും തലയുർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്ന് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേസിൽ അതിജീവിതയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെയും പ്രതികരണം എത്തുന്നത്.
വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നും, കേസിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നാണ് അതിജീവിത പ്രതികരിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദിയെന്ന് പറഞ്ഞാണ് അതിജീവിതയുടെ തുറന്ന കത്ത്. എട്ടുവർഷം, 9 മാസം ,23 ദിവസങ്ങൾ വേദനാജനകമായ യാത്രയിലെ വെളിച്ചത്തിന്റെ നേരിയ കണികയായി മാത്രമാണ് ആറു പേർ ശിക്ഷിക്കപ്പെട്ട കേസിലെ വിധിയെ അതിജീവിത കാണുന്നത്. കെട്ടിച്ചമച്ച കേസ് എന്ന പരിഹസിച്ചവർക്ക് മുന്നിൽ കേസിന്റെ വിധി സമർപ്പിക്കുകയാണ് അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.



Be the first to comment