കേരളത്തിലെ രണ്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ; വന്ദേഭാരത് കപ്പാസിറ്റി ഇരട്ടിയായി

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളാണ് ഉണ്ടായിരുന്നത്. എട്ടു കോച്ചുകള്‍ കൂടി അനുവദിച്ചതോടെ, യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി ഇരട്ടിയായി. 16 കോച്ചുകളുമായി വന്ദേഭാരത് ഇന്നു മുതല്‍ സര്‍വീസ് നടത്തും.

അതേസമയം വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടിയെങ്കിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം-മംഗലൂരു റൂട്ടില്‍ ഈയാഴ്ച വെയ്റ്റിങ്ങ് ലിസ്റ്റ് 100 ന് മുകളിലാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം 20 ആക്കണമെന്ന ആവശ്യം ശക്തമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*