കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രിയരഞ്ജൻ ജീവപര്യന്തം കഠിന തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ മാതാപിതാക്കൾക്ക് പിഴ തുക നൽകാനും കോടതി നിർദേശിച്ചു.

2023 ആഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാൽ, സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തുവന്നത് കേസിൽ നിർണായക തെളിവായി. പ്രിയരഞ്ജൻ കാറിലിരിക്കുന്നതും ആദിശേഖർ സൈക്കിളിൽ കയറിയ ഉടൻ കാറോടിച്ചുകയറ്റി കൊലപ്പെടുത്തുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ആദിശേഖറിനോടുണ്ടായിരുന്ന മുൻവൈരാഗ്യം തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി. സംഭവശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടിൽ നിന്നാണു പൊലീസ് പിടികൂടിയത്. 30 സാക്ഷികളെ കേസിൽ വിസ്തരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*