‘നടപടിയെടുക്കേണ്ടത് പാർട്ടി, UDF കൺവീനർ എന്ന നിലയിൽ തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ല’; അടൂർ പ്രകാശ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നടപടിയെടുക്കേണ്ടത് പാർട്ടിയാണ്. എന്ത് എന്നതിൽ കൃത്യമായ പഠനം നടത്താതെ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കൺവീനർ എന്ന നിലയിൽ തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും നടപ്പിലാക്കും. പരാതി ലഭിച്ചത് ആർക്കാണോ അത് അവരോട് ചോദിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാജി പാര്‍ട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമെന്ന് കെ സുധാകരൻ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. അഭിപ്രായം പറയേണ്ടത് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത പാർട്ടി പദവിയിലിരിക്കുന്ന ആൾക്കെതിരെ ആരോപണം വന്നാൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. തന്റെ കാലയളവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. പാർട്ടിയുടെ ഉന്നത നേതൃത്വം ആണ് അടിയന്തരമായി തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിഷയം ചർച്ച ചെയ്ത് ശരിയെന്ന് തോന്നുന്ന തീരുമാനം പാർട്ടി എടുക്കും. അന്വേഷിച്ച് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ പാർട്ടി തീരുമാനം എടുക്കും. കേസ് അടിയന്തര സ്വഭാവമുള്ളതല്ല. രണ്ടുദിവസങ്ങൾക്കകം തീരുമാനം ഉണ്ടാകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ കെസി വേണുഗോപാലിന്‍റെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കണമെന്ന് പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.നേതാക്കളെ ഈ വിധം ഇകഴ്ത്തുന്ന പതിവ് നേരത്തെ മുതലുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*