എസ്‌ഐടി വിളിച്ചാല്‍ മാധ്യമങ്ങളേയും കൂട്ടി പോവും, എല്ലാം പി ശശിയുടെ പണി: അടൂര്‍ പ്രകാശ്  

തിരുവനന്തപുരം: ശബരിമല  സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാധ്യമങ്ങളിലുടെ മാത്രമാണ് ഈ വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ എന്നെ ആരും വിളിച്ചില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും അടൂര്‍ പ്രകാശ്  പറഞ്ഞു.

എന്തായാലും തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ല. ഏത് അവസരത്തില്‍ ആവശ്യപ്പെട്ടാലും എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറുമാണ്. ഏതെങ്കിലും അവസരത്തില്‍ എസ്‌ഐടി വിളിച്ചാല്‍, മാധ്യമങ്ങളെ കൂടി കൊണ്ടുവരാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കില്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെക്കൂടി അറിയിക്കുന്നതാണെന്നും അടൂര്‍ പ്രകാശ് അറിയിച്ചു.

ഇക്കാര്യത്തില്‍ ഒരു ഭയവും ഇല്ല. ചാനലിലെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോകും എന്നാണ് കരുതിയത്. ഇന്നലെ ശിവഗിരിയില്‍ നിന്നും തിരുവനന്തപുരത്ത് പോയി. മറ്റൊരു പരിപാടിയിലും പങ്കെടുത്തു. ഇതെല്ലാം ആളുകളെ അറിയിച്ചുകൊണ്ടിരുന്നു. ഒളിച്ചുപോയി എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുത്തു കൊടുത്തിരുന്നോ എന്ന ചോദ്യത്തിന്, അടൂര്‍ പ്രകാശ് അങ്ങനെ ാെരു അപ്പോയിന്റ്‌മെന്റ് എടുത്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാവുന്നതാണ്. എന്നാല്‍ സോണിയക്കൊപ്പം ചെന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതു മറച്ചു വെക്കുന്നില്ല. പോറ്റി തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ആളാണ്. ആ നിലയ്ക്ക് തന്നെ വന്നു കണ്ട് കാര്യം പറഞ്ഞപ്പോള്‍ കേട്ടിരുന്നു. അയാള്‍ കള്ളനാണോ, കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*