ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി. വ്യാജപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചുവെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്.
നേരത്തെ ബിജെപിക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അഭിഭാഷകനാണ് വനീത് ജിന്‍ഡാല്‍. രാഹുല്‍ ഗാന്ധിയുടെ ആരോപണം വ്യാജപ്രചാരണമാണെന്നും രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കമാണെന്നും ആരോപിച്ചാണ് വനീത് ജിന്‍ഡാല്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഗുഢാലോചനയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനും അതുവഴി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും പരാതിക്കാരന്‍ പറയുന്നു.
വോട്ടെടുപ്പിന്റെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ കൃത്രിമം നടത്തുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം മഹാരാഷ്ട്രയില്‍ അടക്കം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോള്‍ പോളിങ് പലയിടത്തും കുതിച്ചുയര്‍ന്നു. മഹാരാഷ്ട്രയിലെ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷന്‍ വോട്ടര്‍ പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നശിപ്പിച്ചു. ഇതിനായി കമ്മിഷന്‍ നയം മാറ്റി. കര്‍ണാടകയിലും ക്രമക്കേട് നടന്നതായി രാഹുല്‍ പറഞ്ഞു. വ്യാജ വിലാസങ്ങളില്‍ ഇല്ലാത്ത വോട്ടര്‍മാരെ മിക്കയിടങ്ങളിലും തിരുകി കയറ്റിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.



Be the first to comment