ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പോലീസും എക്‌സൈസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയാണ് കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കു നേരത്തേ തന്നെ കേന്ദ്ര ഏജന്‍സികളില്‍നിന്നു വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പോലീസും ചേര്‍ന്നു പിടികൂടിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണ് ഇതെന്നാണു പോലീസിന്റെ സ്ഥിരീകരണം.
വാഗമണ്‍ കേന്ദ്രീകരിച്ച് ക്രിസ്മസ്, പുതുവത്സര പാര്‍ട്ടി നടത്തുന്ന സംഘങ്ങളില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നാണു പോലീസ് ചില കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഈരാറ്റുപേട്ട ലഹരിക്കേസില്‍ വിമല്‍ രാജ് (24), ജീമോന്‍ (31), അബിന്‍ റെജി (28) എന്നിവരാണു പിടിയിലായത്. ഒന്നര ലക്ഷം രൂപയ്ക്കാണു ബംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തില്‍നിന്നു പ്രതികള്‍ എംഡിഎംഎ വാങ്ങിയതെന്നും പോലീസ് പറഞ്ഞു. ഒരു ഗ്രാമിനു 3500 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വിറ്റിരുന്നതെന്നും പോലീസ് പറഞ്ഞു.



Be the first to comment