‘കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും’… പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ്

‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും….’

രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. പിന്നാലെയാണ് പരാതി.

പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്കു കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.രാഹുലും യുവതിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിന്നാലെ ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നിരുന്നു. രാഹുലിനെ കുരുക്കിലാക്കുന്ന നിര്‍ണായക തെളിവുകളും യുവതി പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും പരാതി ലഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*