ഗ്രീന്‍ലന്റിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ലക്ഷ്യം വച്ച് ട്രംപ്

ഗ്രീന്‍ലന്റിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ട്രംപ് ലക്ഷ്യം വയ്ക്കുന്നു. ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു. ചാഗോസ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ളത്. 

ദശാബ്ദങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് 2025 മെയില്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്നതിനായി ബ്രിട്ടനും മൗറീഷ്യസും തമ്മില്‍ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചത്. 1814ല്‍ നെപ്പോളിയന്റെ പരാജയത്തെ തുടര്‍ന്നുള്ള പാരീസ് ഉടമ്പടി പ്രകാരമാണ് മൗറീഷ്യസും ചാഗോസ് ദ്വീപുകളും ബ്രിട്ടന്റെ കൈവശമെത്തിയത്. 1968ല്‍ മൗറീഷ്യസിന് സ്വാതന്ത്ര്യം നല്‍കുന്നതിന് മുന്നോടിയായി ബ്രിട്ടന്‍ ചാഗോസ് ദ്വീപുകളെ മൗറീഷ്യസില്‍ നിന്ന് അടര്‍ത്തിമാറ്റി ‘ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി’ ആയി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്കയുമായി ചേര്‍ന്ന് 1971ല്‍ ബ്രിട്ടന്‍ ഒരു സൈനിക താവളം നിര്‍മ്മിച്ചു. 2019ല്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു.

ബ്രിട്ടന്റെയും മൗറീശ്യസിന്റെയും പ്രധാനമന്ത്രിമാര്‍ 2025 മെയില്‍ ഒപ്പിട്ട പുതിയ കരാര്‍ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് ലഭിക്കും. എങ്കിലും സൈനിക താവളം സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍ഷ്യ ദ്വീപ് അടുത്ത 99 വര്‍ഷത്തേക്ക് ബ്രിട്ടന്റെ നിയന്ത്രണത്തില്‍ തന്നെ തുടരും. ഇതിനായി ബ്രിട്ടന്‍ മൗറീഷ്യസിന് വാര്‍ഷിക വാടകയായി 13.6 കോടി ഡോളര്‍ നല്‍കുകയും ചെയ്യും. ബ്രിട്ടന്റെ ഈ നീക്കം ‘വലിയ വിഡ്ഢിത്തം’ ആണെന്നും ഇത് ചൈനയ്ക്കും റഷ്യയ്ക്കും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും ഡോണള്‍ഡ് ട്രംപ് ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളത്തിന്റെ സുരക്ഷിതത്വം അപകടത്തിലാണെന്നും ട്രംപ് വാദിക്കുന്നു. ചാഗോസിനു മേലുള്ള മൗറീഷ്യസിന്റെ പരമാധികാരം അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് മൗറീഷ്യസ് പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*