
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘നാനോ ബനാന’ എന്ന AI ട്രെൻഡ്. ഗൂഗിളിൻ്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ട്രെൻഡ് വലിയ പ്രചാരം നേടിക്കഴിഞ്ഞു.
കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ജെമിനി ആപ്പില്‍ ‘നാനോ ബനാന’ എന്ന ഇമേജ് എഡിറ്റിങ് ടൂള്‍ പുറത്തിറക്കിയത്. ഈ ട്രെൻഡ് പ്രചാരത്തിലായതോടെ ഗൂഗിൾ ജെമിനി ആപ്പിൻ്റെ ഡൗൺലോഡുകൾ കുതിച്ചുയർന്നു. നാനോ ബനാന പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജെമിനി ആപ്പ് ഒരു കോടി ഡൗൺലോഡുകൾ കടന്നതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് അറിയിച്ചിരുന്നു. ഏകദേശം രണ്ട് കോടിയിലധികം ചിത്രങ്ങളാണ് ഈ ടൂൾ ഉപയോഗിച്ച് ഇതിനോടകം സൃഷ്ടിക്കപ്പെടുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളത്.
എന്താണ് നാനോ ബനാന?
ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ആർക്കും ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് നാനോ ബനാനയുടെ പ്രത്യേകത. സാങ്കേതിക പരിജ്ഞാനമോ പണമോ ഇതിനായി ആവശ്യമില്ല. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താക്കൾ മുതൽ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ വരെ ഈ ട്രെൻഡിൻ്റെ ഭാഗമായിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ ഫിഗറൈനുകളും ഇതിനോടകം വൈറലായിട്ടുണ്ട്.
Be the first to comment