എ ഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ഐ ടി നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്രം

സാമൂഹ്യ മാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം. എ.ഐ ഉള്ളടക്കങ്ങളുടെ ദുരുപയോഗം തടയാന്‍ നിയമങ്ങൾ കർശനമാക്കി. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി.നേരത്തെ തന്നെ എ ഐ ഉള്ളടക്കങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു, ഈ പശ്ചാത്തലത്തിലാണ് നിയമങ്ങൾ കർശനമാക്കി കൊണ്ട് കേന്ദ്രം ഐ ടി നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്നത്.

പുതിയ നിയമപ്രകാരം കൃത്രിമമായി നിര്‍മിച്ച ഉള്ളടക്കങ്ങളില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ കൃത്രിമ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് ഉപയോക്താവ് പ്രസ്താവന നല്‍കണം. ആധികാരികത ഉറപ്പാക്കാന്‍ ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കണം.പുതിയ ഭേദഗതികൾ ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും.

പോലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുതൽ ഉന്നത പദവിയിലുള്ളവർക്ക് വരെ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സർക്കാർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ സമയമുണ്ടായിരുന്നു, അത് പുതിയ നിയമ പ്രകാരം രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്താവിന്റെ പരാതികൾ സ്വീകരിക്കാൻ 15 ദിവസം സമയമുണ്ടായിരുന്നത് 7 ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാൽ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം.

Be the first to comment

Leave a Reply

Your email address will not be published.


*