കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്നത് അഭ്യൂഹം മാത്രമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വരാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ച നടത്തും. യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മെന്നും കെ സി വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
യുഡിഎഫിലേക്ക് വരാന്‍ താത്പര്യമുള്ള ഘടകകക്ഷികള്‍ താത്പര്യ മറിയിച്ചാല്‍ പരിഗണിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് താത്പര്യവുമായി വന്നിട്ടില്ല. ഒരാളും ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അവര്‍ക്ക് തിരിച്ചുവരണമെന്ന് താത്പര്യമറിയിച്ചാല്‍ ചര്‍ച്ച നടത്തും – വേണുഗോപാല്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ വരുന്നത് അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസം കഴിയുംതോറും യുഡിഎഫിലേക്ക് കേരളം വന്നുകൊണ്ടിരിക്കുകയാണ്. വലിയ ഭൂരിപക്ഷത്തെ ജയിക്കാനുള്ള സാഹചര്യമുണ്ട്. അമിത ആത്മവിശ്വാസം ഇല്ല. വലിയ പോരാട്ടമാണ് എന്ന് വിശ്വാസത്തോടെ മുന്നോട്ടുപോകുന്നു – കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
അതേസമയം, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാനാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതിനൊന്നരയോടെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കും. അതിനിടെ എല്‍ഡിഎഫിനാപ്പമെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി എംഎല്‍എ പ്രമോദ് നാരായണന്‍ രംഗത്ത് വന്നു. പാര്‍ട്ടി ചെയര്‍മാന്‍ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്നാണ് എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെയും ജോബ് മൈക്കിളിന്റെയും നിലപാട്.
വിഷയത്തില്‍ ഇന്നലത്തെ ചര്‍ച്ചയാണ് നിര്‍ണായകമായത് എന്നാണ് വിവരം. ജോസ് കെ മാണി നേതാക്കളെ നേരിട്ട് വിളിച്ചു സംസാരിച്ചു. ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് ആവശ്യപ്പെട്ടു. മുന്നണി മാറ്റം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് പറഞ്ഞു. ഇത് തുടര്‍ന്നാല്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്. എന്തു തീരുമാനമെടുത്താലും ഒരുമിച്ച് നില്‍ക്കണമെന്ന് ജോസ് കെ മണി ആവശ്യപ്പെട്ടുവെന്നാണ് വിവരം.



Be the first to comment