ആഗോള അയ്യപ്പ സംഗമം മറ്റൊരു കൊള്ളയായി മാറിയിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നാടിനെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയെ വെള്ള പൂശാനായാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. എന്നാൽ ആ സംഗമം തന്നെ വൻകൊള്ളയായി മാറി എന്നാണ് മനസിലാക്കുന്നത്. ഇതെല്ലാം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തേണ്ട അവസ്ഥയാണെന്നത് ഗൗരവമായ വിഷയമാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
അമ്പലം നടത്തിപ്പിനായി ചുമതലപ്പെടുത്തിയവർ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ ഒരു സർക്കാരില്ല. അവരെ പ്രോത്സിഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിശ്വാസികൾ അല്ലാത്തവർ ഭരിക്കുമ്പോൾ അവരുടെ കണ്ണ് സമ്പത്തിൽ മാത്രമാണ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങളെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ നൽകിയ മറുപടിയെ സംബന്ധിച്ചും കെ സി വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചു. ദേവസ്വം ബോർഡ് നൽകുന്ന കണക്കുകൾ അതേപടി നിയമസഭയിൽ അവതരിപ്പിക്കുകയാണോ മന്ത്രി ചെയ്യേണ്ടത്. തെറ്റായ ഉത്തരം ദേവസ്വം ബോർഡ് നൽകിയാൽ മന്ത്രി അത് ചോദ്യം ചെയ്യണം, അല്ലാതെ അതേപടി അവതരിപ്പിക്കുകയല്ല ചെയ്യേണ്ടത്.
നിയമസഭയിൽ പറയുന്ന കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്വം മന്ത്രിക്കാണ്. നിയമസഭയിൽ പോലും മന്ത്രി കള്ളം പറഞ്ഞിരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ദേവസ്വം ബോർഡ് പറയുന്ന കാര്യം അന്വേഷിക്കാതെ അതേപടി നിയമസഭയിൽ പറയുകയാണോ മന്ത്രി ചെയ്യേണ്ടതെന്ന് ചോദിച്ച കെ സി വേണുഗോപാൽ, വിഷയത്തിൽ മന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്നും ജനങ്ങൾ അടിച്ചു പുറത്താക്കുമെന്നും പറഞ്ഞു.



Be the first to comment