കേരളത്തിലെ എയിംസ്: സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തണം; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാപഠനം നടത്താനാണ് നിര്‍ദേശം. സ്ഥലം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ഏകോപിപ്പിച്ചുകൊണ്ടു വേണം പഠനം നടത്തേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഫെബ്രുവരി 25-നകം രേഖാമൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

കാസര്‍കോട് ജില്ലയില്‍ 25,000 ഏക്കറോളം റവന്യൂ ഭൂമി ലഭ്യമാണെന്നും അവിടെ എയിംസ് അനുവദിക്കണമെന്നുമാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം. എയിംസിനായി സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*