കനത്ത മൂടല്‍ മഞ്ഞിനെ നേരിടാന്‍ എയര്‍ ഇന്ത്യ; അപകട സാധ്യത കുറയ്ക്കാന്‍ പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം

ന്യുഡല്‍ഹി:ശൈത്യകാല സീസണനെ നേരിടാന്‍ എയര്‍ ഇന്ത്യയുടെ വന്‍ ഒരുക്കങ്ങള്‍. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും അപകട സാധ്യതയും കണക്കിലെടുത്താണ് 24 മണിക്കൂറും നിരീക്ഷിക്കുന്ന സംവിധാനങ്ങളും എയര്‍ ഇന്ത്യ ഒരുക്കിയത്.

റണ്‍വേ കാണാത്തത്രയും മൂടല്‍ മഞ്ഞ്, കുറയുന്ന ദൃശ്യപരത, യാത്രക്കാരുടെ നീണ്ട കാത്തിരിപ്പ് എന്നിങ്ങനെ ഓരോ ശൈത്യകാലത്തും ആവര്‍ത്തിക്കുന്ന വെല്ലുവിളിയെ ഇത്തവണ കൂടുതല്‍ ശാസ്‌ത്രീയമായി നേരിടാനാണ് എയര്‍ ഇന്ത്യയുടെ നീക്കം.

2025 ഡിസംബർ 10 മുതൽ 2026 ഫെബ്രുവരി 10 വരെയുള്ള കാലയളവിലാണ് ഈ വര്‍ഷത്തെ ശൈത്യകാലമെന്ന് ഡിജിസിഎ അറിയിച്ചു. ഈ സാഹചര്യത്തിൽ, എയർ ഇന്ത്യ രാജ്യത്തെ പ്രധാന മെട്രോ വിമാനത്താവളങ്ങളിൽ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കാൻ വലിയ നടപടികൾ ആരംഭിച്ചു.

വിമാനത്തിന്‍റെ അറ്റക്കുറ്റ പണികള്‍, ആവശ്യമായ ജീവനക്കാര്‍, വിമാനത്താവള പ്രവര്‍ത്തനങ്ങള്‍, ഷെഡ്യൂളിംഗ്, മൂടല്‍ മഞ്ഞിന്‍റെ കാലാവസ്ഥ പ്രവചനങ്ങള്‍, തത്സമയ നിരീക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടെ ഒരു സമഗ്ര പദ്ധതിയാണ് എയര്‍ ഇന്ത്യ തയാറാക്കിയിരിക്കുന്നത്.

മൂടൽമഞ്ഞിനെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാര്‍

മൂടൽമഞ്ഞിൽ വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാനുള്ള കഴിവ് സാധാരണമല്ല. അതിന് CAT III-B എന്ന ഉയർന്ന നിലവാരമുള്ള യോഗ്യതയും നിർദ്ദിഷ്ട പരിശീലനവും ആവശ്യമാണ്. ഇതിന് പ്രത്യേക പ്രാധാന്യം നല്‍കി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ആരംഭിച്ചിരുന്നു.

ചെറിയ ദൃശ്യപരത പ്രാവീണ്യമുള്ള പൈലറ്റുമാരാണെണ് ഉറപ്പു വരുത്തുക, പുത്തന്‍ ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിംഗ് സിസ്റ്റം(ILS) നടപടിക്രമങ്ങള്‍ ഉപയോഗിച്ച് കനത്ത മൂടല്‍ മഞ്ഞുള്ള സാഹചര്യങ്ങളില്‍ സുരക്ഷിതമായി വിമാനം പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ടി പൈലറ്റുമാരെ പ്രാപ്തരാക്കുക, പൈലറ്റുമാർ ഫ്ലീറ്റുകൾക്കിടയിൽ മാറുന്നതിനാലും ഫസ്റ്റ് ഓഫീസറിൽ നിന്ന് ക്യാപ്റ്റനിലേക്കുള്ള അപ്‌ഗ്രേഡുകൾക്ക് വിധേയമാകുന്നതിനാലും അല്ലെങ്കിൽ വിമാനങ്ങള്‍ മാറുമ്പോഴുള്ള യോഗ്യത ആവശ്യമുള്ളതിനാലും എന്നിവയെല്ലാം കണക്കിലെടുത്താണ് വർഷം തോറും എയർലൈൻ എല്ലാ വർഷവും മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെ ശൈത്യകാല പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്നത്.

അതിനാല്‍ തന്നെ പൈലറ്റുമാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ സാധിക്കുമെന്നും ആവശ്യമായ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും. ഇത്തരം സാഹചര്യങ്ങള്‍ വിമാനത്തിന്‍റെ അപകട സാധ്യത കുറയ്ക്കുമെന്നും എയര്‍ലൈനുകള്‍ പറയുന്നു.

മൂടൽമഞ്ഞ് പ്രവചിക്കപ്പെടുന്ന റൂട്ടുകളിലും വിമാനത്താവളങ്ങളിലും പ്രവർത്തിക്കാൻ CAT III-B സർട്ടിഫൈഡ് വിമാനങ്ങളെ മുൻഗണന നൽകി വിന്യസിച്ചിരിക്കുകയാണ് എയർ ഇന്ത്യ. മൂടല്‍ മഞ്ഞ് കാരണം കുറഞ്ഞ ദൃശ്യപരതയോ സാങ്കേതിക പ്രശ്‌നങ്ങളോ നേരിടുകയാണെങ്കില്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൈലറ്റുമാര്‍, വിമാനത്തിന്‍റെ പ്രവര്‍ത്തനം, തകരാറുകള്‍ എന്നിവ 24 മണിക്കൂറും നിരീക്ഷിക്കാന്‍ എയര്‍ ഇന്ത്യ ഇന്‍റഗ്രേറ്റഡ് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ (iocc) എന്നിവ ഉറപ്പാക്കുന്നതിനായി ടീമുകളെ നിയമക്കും. ഏതെങ്കിലും ചെറിയ തകരാറും CAT III പ്രവർത്തനത്തെ ബാധിക്കുന്നുവെങ്കിൽ — അത് ഉടൻ പരിഹരിക്കുകയോ വിമാനം മാറ്റുകയോ ചെയ്യും. മൂടല്‍ മഞ്ഞ് ഏത് സമയത്തു രൂപപ്പെടാമെന്നുള്ളതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയുടെ IOCC-യും വിമാനത്താവള അധികൃതകരും തത്സമയ നിരീക്ഷണത്തിലായിരിക്കും.

റദ്ദു ചെയ്യുകയോ വൈകുന്നതോ ആയ വിമാനങ്ങളെ മുന്‍കൂട്ടി തിരിച്ചറിയല്‍, പുനക്രമീകരണം, ജീവനക്കാരുടെ ലഭ്യത പരിശോധിക്കല്‍, യാത്രക്കാര്‍ക്ക് തത്സമയ അറിയിപ്പുകള്‍, പൂർണ്ണ റീഫണ്ട് എന്നിവയെല്ലാം എയര്‍ ഇന്ത്യ നല്‍കും.

മൂടല്‍മഞ്ഞ് കാരണം മറ്റൊരു വിമാനത്താവളങ്ങളിലേക്ക് സുരക്ഷിതമായി ഇറക്കല്‍, ബദല്‍ മാര്‍ഗങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം, സുഗമമായ യാത്ര, ഹോട്ടല്‍ താമസ സൗകര്യം എന്നിവ നല്‍കാനുള്ള കാര്യങ്ങളും എയര്‍ ഇന്ത്യ സൂക്ഷ്മമായി പരിശോധിക്കും. ഭക്ഷണങ്ങളും പാനീയങ്ങളും നല്‍കുന്നതും എയര്‍ ഇന്ത്യ ഉറപ്പാക്കും. യാത്രക്കാര്‍ക്ക്ആ വശ്യമെങ്കില്‍ വിമാനം മാറ്റി ബദര്‍ മാര്‍ഗം ഒരുക്കുകയും ചെയ്യും. യാത്രക്കാരനെ ഒരുതരത്തിലും ബുദ്ധിമുട്ടരുതെന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*