
കേരള സർവകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാല വി സി ഡോ.മോഹനൻ കുന്നുമ്മൽ എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം.
എഐഎസ്എഫിന് പുറമെ ഡിവൈഎഫ്ഐയും എസ്എഫ്ഐ പ്രവർത്തകരും സർവകലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. വൻ പോലീസ് സന്നാഹമായിരുന്നു ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ ഉണ്ടായിരുന്നത്. അതിനിടെ വൈസ് ചാൻസലറുടെ നിർദേശത്തെ അവഗണിച്ച് കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ സർവകലശാല ആസ്ഥാനത്തെത്തി. രജിസ്ട്രാർ കെ എസ് അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണെന്നും സർവകലാശാല ആസ്ഥാനത്ത് എത്തരുതെന്നും വൈസ് ചാൻസിലർ നിർദേശിച്ചിരുന്നു. രജിസ്ട്രാറുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന് വൈസ് ചാൻസിലർ സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. നിയമപരമായി മാത്രം കാര്യങ്ങൾ നടത്തുമെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി.
അതേസമയം, അല്പസമയത്തിന് ശേഷം എസ്എഫ്ഐ രാജ്ഭവൻ മാർച്ച് നടത്തും. കനത്ത സുരക്ഷയാണ് പോലീസ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. രാജ്ഭവന് മുന്നിൽ രണ്ടിടങ്ങളിൽ ബാരിക്കേഡ് നിരത്തി. നടുവിൽ റോഡിന് കുറുകെ പോലീസ് വാനുകളിട്ടും പ്രതിഷേധക്കാരെ തടയും.
Be the first to comment