എകെ ബാലൻ്റെ പ്രസ്താവന പച്ച വർഗീയതയാണെന്നും സിപിഎമ്മിൻ്റെ നിരാശയിൽ നിന്നുണ്ടായതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

ആലപ്പുഴ: എകെ ബാലൻ്റെ പ്രസ്താവന പച്ച വർഗീയതയാണെന്നും സിപിഎമ്മിൻ്റെ നിരാശയിൽ നിന്നുണ്ടായതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആലപ്പുഴ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ സഹായത്തോടെയാണ് എൽഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോൽവിക്ക് കാരണം കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം സമൂഹത്തിൽ വർഗീയ വിഷം കലർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തര മന്ത്രിയെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. ഇത് ബോധപൂർവം എകെ ബാലനെക്കൊണ്ട് പറയിപ്പിച്ചതാണ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം വർഗീയത പ്രചരിപ്പിക്കുകയാണ്. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിന് പകരം കുരുടൻ ആനയെ കണ്ടതുപോലെയാണ് നിലവിൽ സിപിഎം നേതാക്കളുടെ അവസ്ഥയെന്നും അദ്ദേഹം പരിഹസിച്ചു.

ആലപ്പുഴയിൽ എസ്‌ഡിപിഐയുടെ സഹായത്തോടുകൂടി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നേടാൻ സിപിഎം പരസ്യമായ നടപടിയെടുത്തു. എന്നിട്ടാണ് അവർ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തര മന്ത്രിയെന്ന് തിരിച്ചു പറയുന്നത്. കോൺഗ്രസ് ഒരു വർഗീയ ശക്തികളുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാവില്ല. വർഗീയ ശക്തികളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറല്ല. നിലവിൽ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാരിൻ്റെ ഭരണ പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജനങ്ങൾക്കിടയിൽ വർഗീയത പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടത്. ഇത്തരം നിലപാടുകൾ പിൻവലിക്കാൻ സിപിഎം തയാറാകണം. ആലപ്പുഴ നഗരസഭയിൽ എസ്‌ഡിപിഐയുമായി സഖ്യമുണ്ടാക്കിയ വിഷയത്തിൽ സിപിഎം മറുപടി പറയണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസ് സജ്ജമാണ്. കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ പാർട്ടി എല്ലാ തലങ്ങളിലും പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അദ്ദേഹം രൂക്ഷമായ പ്രതികരണം നടത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ സിപിഎം നേതാക്കൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഓരോ ദിവസം കഴിയുന്തോറും ഈ അഴിമതിയുടെ വ്യാപ്തി വർധിച്ചു വരികയാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*