എലത്തൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍. രണ്ട് എംഎല്‍എ മാരോടും മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചുവെന്ന് ശശീന്ദ്രന്‍ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്ന എന്‍സിപിക്ക് മൂന്ന് സീറ്റുകളാണുള്ളത്. കുട്ടനാടും, എലത്തൂരും, കോട്ടക്കലും. കോട്ടക്കല്‍ വിജയസാധ്യതയുള്ള സീറ്റായി ഞങ്ങളാരും കണക്കാക്കുന്നില്ല. മണ്ഡലത്തിലെ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകന്ദ്രീകരിക്കണം. ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണം. അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളോട് കൂടുതല്‍ ശ്രദ്ധിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അത് സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ആദ്യ പടിയായി കാണുന്നതില്‍ തെറ്റൊന്നുമില്ല – അദ്ദേഹം പറഞ്ഞു.
സിപിഐക്കെതിരെ മന്ത്രി പരോക്ഷ വിമര്‍ശനവും ഉന്നയിച്ചു. ചില ഘടകക്ഷികള്‍ എല്‍ഡിഎഫിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അഭിപ്രായഭിന്നതയുള്ള മുന്നണിയെന്ന തോന്നലുണ്ടാക്കുന്നത് ശരിയല്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ വീഴ്ചകളിലൊന്ന് അഭിപ്രായവ്യത്യാസമില്ലാത്ത മുന്നണിയെന്ന സത്‌പേരിന് ചില ഘട്ടങ്ങളില്‍ ചില പാര്‍ട്ടികളുടെ പെരുമാറ്റം കാരണം മങ്ങലേറ്റിട്ടുണ്ട്. നാം ഒറ്റക്കെട്ടാണെന്ന് പറയുകയും നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ അനാവശ്യമായ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകള്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നു വന്നിട്ടുണ്ട്. അത്തരം നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവരെല്ലാം പിന്മാറുകയും മുന്നണിയില്‍ മാത്രം ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അവിടെ അവതരിപ്പിക്കുകയും ചെയ്യുന്ന മാതൃകാപരമായ ശൈലിയിലേക്ക് നമ്മള്‍ തിരിച്ചുപോകേണ്ടതുണ്ട് എന്നതാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു പാഠം- അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് നേരത്തെയും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാല്‍ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. എ കെ ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് തുറന്നടിച്ചിരുന്നു.



Be the first to comment