നിയമസഭ തിരഞ്ഞെടുപ്പ്; ‘പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര പ്രയാസമുണ്ടെങ്കിലും മത്സരിക്കും’; എ കെ ശശീന്ദ്രന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് എ കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട്. മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാല്‍ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രന്‍. എ കെ
ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്ന് ഇന്നലെ എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് തുറന്നടിച്ചതിന് പിന്നാലെയാണ് പ്രതികരണം.

എല്ലാകാലത്തും ഇത്തരം കാര്യങ്ങളില്‍ ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം ശിരസാവഹിച്ചു കൊണ്ട് സത്യസന്ധമായി പ്രവര്‍ത്തിച്ചുപോകുന്ന പാരമ്പര്യമുള്ള, നല്ല കരളുറപ്പുള്ള പ്രവര്‍ത്തകന്മാരുടെ പാര്‍ട്ടിയാണ് കോഴിക്കോട്ടെ എന്‍സിപി. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അതിനപ്പുറം ആരും ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എന്റെ കാര്യം ഞാനല്ല തീരുമാനിക്കുന്നത്. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി മത്സരിക്കണ്ട എന്ന് പറഞ്ഞാല്‍ മത്സരിക്കില്ല. മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര പ്രയാസമുണ്ടെങ്കിലും മത്സരിക്കും. പക്ഷേ പറയേണ്ടത് ആരാണ്? പറയേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വമാണ്. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് പൊതുവേ അനവസരത്തിലാണ്, അനൗചിത്യമാണ് – അദ്ദേഹം പറഞ്ഞു.

ഏഴ് തവണ മത്സരിച്ച് ആറ് തവണ എംഎല്‍എയും തുടര്‍ച്ചയായി 10 വര്‍ഷം മന്ത്രിയുമായ എകെ ശശീന്ദ്രന്‍ ഇനി മാറി നില്‍ക്കട്ടേയെന്നാണ് എന്‍സിപിയിലെ പ്രബലവിഭാഗത്തിന്റെ ആവശ്യം. മാന്യമായ വിരമിക്കലിനുളള അവസരം ശശീന്ദ്രന്‍ പ്രയോജനപ്പെടുത്തണമെന്നും ഒരു വിഭാഗം പറയുന്നു. ശശീന്ദ്രന്‍ ഇനിയും എലത്തൂരില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയില്‍ ആരും കരുതുന്നില്ലെന്ന് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് പറഞ്ഞു. കുറുക്കുവഴിയിലൂടെ മത്സരരംഗത്തേക്ക് അദ്ദേഹം ഇറങ്ങുമെന്ന് കരുതുന്നില്ലെന്നും ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കി. ഇതിനിടെ എലത്തൂര്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിപിഐഎമ്മിലും ചര്‍ച്ച സജീവമാണ്. സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെങ്കില്‍ വി വസീഫ് മത്സരിക്കാനാണ് സാധ്യത.

Be the first to comment

Leave a Reply

Your email address will not be published.


*