‘ആവശ്യപ്പെട്ട പ്രതിഫലം നൽകിയില്ല’ ദൃശ്യം 3 യിൽ നിന്നും പിന്മാറി അക്ഷയ് ഖന്ന

ദൃശ്യം 3 യുടെ ഹിന്ദി റീമേക്കിൽ നിന്നും പിന്മാറി ബോളിവുഡ് താരം അക്ഷയ് ഖന്ന. പ്രതിഫലത്തെ ചൊല്ലിയുള്ള വാഗ്‌വാദത്തെ തുടർന്നാണ് താരം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോളാണ് അക്ഷയ് ഖന്നയുടെ ഈ പിന്മാറ്റം.

മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ഹിന്ദിയിൽ അക്ഷയ് ഖന്ന അവതരിപ്പിച്ചിരുന്നത്. മൂന്നാം ഭാഗത്തിലും നിർണായകമായിരുന്നു ഖന്നയുടെ കഥാപാത്രമെന്നാണ് റിപ്പോർട്ടുകൾ. 21 കോടി രൂപയാണ് ഖന്ന നിർമ്മാതാക്കളായ പനോരമ സ്റുഡിയോസിനോട് ആവശ്യപ്പെട്ടത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ചാവ, ദുരന്തർ തുടങ്ങിയ ബ്ലോക്കബ്സ്റ്റർ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചതിന് ശേഷം തന്റെ താരമൂല്യം ഉയർന്നതിനാലാണ് ഖന്ന ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയ ദുരന്തറിലെ ലുക്ക് പോലെ ദൃശ്യം 3 യിലും ഒരു വിഗ്ഗ് വെക്കണമെന്നുള്ള നിർമ്മാതാക്കളുടെ ആവശ്യത്തെയും താരം തള്ളി കളഞ്ഞിരുന്നു.

ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിന്റെ ഒറിജിനൽ ദൃശ്യം 3 യുടെ ചിത്രീകരണം നിലവിൽ പൂർത്തിയായിട്ടുണ്ട്. ചിത്രം ഏപ്രിൽ മാസം വിഷു റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെ സമയം ഹിന്ദി പതിപ്പ് ഒക്ടോബർ 2 ഗാന്ധി ജയന്തിക്കാവും തിയറ്ററുകളിലെത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*