
കെ.പി.എം.എസ്.പരിപാടിയിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് ഭാഗമായി ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാർക്ക് കട തുറക്കാൻ വിലക്കെന്ന് ആരോപണം. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് പോലീസ് നോട്ടീസ് നൽകി. എന്നാൽ നിയന്ത്രണത്തിന് പിന്നാലെ വിശദീകരണവുമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസറും രംഗത്തുവന്നു.
കടകൾ അടച്ചിടണം എന്നുള്ള പ്രചരണം തെറ്റാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിരോധനമില്ലെന്ന് നോട്ടീസ് വിവാദമായതോടെ പോലീസ് മേധാവിയും പ്രതികരിച്ചു.
കപ്പലണ്ടി, ബജി വിൽപ്പന നടത്തുന്നവർ മുതൽ ഐസ്‌ക്രീം കച്ചവടക്കാരും കുടിവെള്ളവും ഉൾപ്പടെ നൂറു കണക്കിന് പേരാണ് ആലപ്പുഴ ബീച്ചിൽ അന്നത്തെ അന്നത്തിനായി ജോലി ചെയ്യുന്നത്.
KPMS ന്റെ സംസ്ഥാന സമ്മേളനത്തിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ എത്തുന്നത്. കാൽ ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുള്ള പരിപാടിയിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബീച്ചിലുള്ള കച്ചവടക്കാർക്ക് കട തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. തുറമുഖ വകുപ്പ് അധികാരികളിൽ നിന്ന് ഗ്യാസ് സിലണ്ടർ പ്രവർത്തിപ്പക്കരുതെന്ന നിർദ്ദേശം ആദ്യം ലഭിച്ചു. പിന്നീട് ഒരു ദിവസം മുഴുവനും കടകൾ അടച്ചു ഇടാൻ നൂറോളം കടകൾക്ക് ആലപ്പുഴ സൗത്ത് പോലീസ് രേഖാമൂലം അറിയിപ്പു നൽകിയെന്ന് വ്യാപാരികൾ പറയുന്നു.
Be the first to comment