ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ: ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് പദ്ധതി.

കൊല്ലത്തും വാട്ടര്‍ മെട്രോ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പദ്ധതി പ്രദേശം, റൂട്ടുകള്‍, ബോട്ടുകള്‍, ജെട്ടികള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന് ശേഷമാണ് തീരുമാനമെടുക്കുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതും യാത്രക്കാര്‍ ഏറിയതുമായ പ്രദേശങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴയെയും കൊല്ലത്തെയും വാട്ടര്‍ മെട്രോ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങള്‍ നിറഞ്ഞ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ടൂറിസം സാധ്യതകള്‍ ശക്തമാക്കുന്നതാണ്.

ജലഗതാഗത വകുപ്പിന്റെ സര്‍വീസുകളെ ബാധിക്കാതെയാവും വാട്ടര്‍ മെട്രോ സര്‍വീസ്. പൂര്‍ണമായും സൗരോര്‍ജ ബോട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ പരിസ്ഥിതി മലിനീകരണവും ഉണ്ടാവില്ല. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ആധുനിക ബോട്ടുകളാവും ഉണ്ടാവുക. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയില്‍ ഏകീകൃത ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ (ഒസിസി) നിന്നാവും ബോട്ട് നിയന്ത്രിക്കുക. വിനോദസഞ്ചാരികള്‍ ഏറെയുള്ള ആലപ്പുഴ, മുഹമ്മ, പാതിരാമണല്‍, കുമരകം റൂട്ടുകള്‍ക്കാണ് പ്രാമുഖ്യം.

Be the first to comment

Leave a Reply

Your email address will not be published.


*