ഏറ്റവും നിരക്ക് കുറഞ്ഞ സൂപ്പര്‍ മാര്‍ക്കറ്റ്: തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി തന്നെ; തൊട്ടു പിന്നിൽ ലിഡിൽ

ലണ്ടന്‍:  യുകെയില്‍ ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി നിലനിര്‍ത്തി. ഓരോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 79 സാധനങ്ങളുടെ  ഒരു ബാസ്കറ്റിന്റെ വില കണക്കാക്കിയപ്പോള്‍ ആള്‍ഡിയിലെ പ്രതിവാര ഷോപ്പിംഗ് ചെലവ് 135.95 പൗണ്ട് ആണ്.  ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന രണ്ടാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ലിഡില്‍ ആണ്. ലിഡില്‍ പ്ലസ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഇവിടെ ശരാശരി പ്രതിവാര ഷോപ്പിംഗിന് ചെലവ് 136.64 പൗണ്ട് ആണ്. അതായത്, ആള്‍ഡിയേക്കാള്‍ 69 പെന്‍സ് കൂടുതല്‍. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരു പെന്നി കൂടി അധികമായി നല്‍കേണ്ടി വരും.

ഉപഭോക്തൃ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന വിച്ച് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട വസ്തുക്കളില്‍ ബേര്‍ഡ്‌സ് ഐ പീ, ഹോവിസ് ബ്രെഡ് തുടങ്ങിയ ബ്രാന്‍ഡഡ് സാധനങ്ങളും ഉള്‍പ്പെടുന്നു. ലോയല്‍റ്റി കാര്‍ഡ് നല്‍കുന്ന ഇളവുകളും താരതമ്യ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍, മള്‍ട്ടി ബൈ ഓഫറുകള്‍ പഠനത്തിനായി പരിഗണിച്ചിട്ടില്ല. 

മൂന്നാം സ്ഥാനത്ത് എത്തിയത് അസ്ഡയാണ്. മാര്‍ച്ചില്‍ മൂന്നാം സ്ഥാനം ഇവരില്‍ നിന്നും ടെസ്‌കോ പിടിച്ചെടുത്തിരുന്നു. ഇവിടെ 79 സാധനങ്ങളുടെ ഒരു ബാസ്കറ്റിന്റെ  വില 150.05 പൗണ്ട് ആണ്. ആള്‍ഡിയേക്കാള്‍ 14 പൗണ്ട് കൂടുതല്‍. തൊട്ടു പുറകിലായി ശരാശരി പ്രതിവാര ഷോപ്പിംഗ് ചെലവ് 151.11 പൗണ്ടുമായി ടെസ്‌കോയും ഉണ്ട്. ഇത് ടെസ്‌കോ ക്ലബ്ബ് കാര്‍ഡ് ഉള്ളവരുടെ നിരക്കാണ്. കാര്‍ഡില്ലെങ്കില്‍ 79 സാധനങ്ങളുടെ വില 152.59 പൗണ്ടാണ്.

പതിവുപോലെ വെയ്റ്റ്‌റോസ് തന്നെയാണ് ഏറ്റവും വിലക്കൂടുതല്‍ ഉള്ള സൂപ്പര്‍മാര്‍ക്കറ്റ്. ഇവിടെ ബാസ്കറ്റ് ഒന്നിന്റെ വില 152.59 പൗണ്ടായിരുന്നു. അതായത് ആള്‍ഡിയിലെ വിലയേക്കാള്‍ ഏകദേശം 50 പൗണ്ട് അധികം. ഈസ്റ്റര്‍ ചോക്ലേറ്റ് വിലയും അതുപോലെ ഭക്ഷ്യ പണപ്പെരുപ്പവും വിലക്കൂടുതലിന് കാരണമായതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*