തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ മത്സരിച്ചേക്കും. ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിയോജിപ്പ് അറിയിച്ചു. വർക്കലയിൽ വി ജോയ് തന്നെ മത്സരിച്ചില്ലെങ്കിൽ സീറ്റ് നഷ്ടമാകുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിലപാടെടുത്തു.
ജില്ലാ സെക്രട്ടറി വീണ്ടും മത്സരിക്കുന്നതിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. സെക്രട്ടറിയല്ലേ മത്സരിക്കണമോ എന്നതായിരുന്നു എം. വി ഗോവിന്ദന്റെ ചോദ്യം. എന്നാൽ വി ജോയ് മത്സരിക്കണമെന്ന് തന്നെ ജില്ലാ സെക്രട്ടറിയേറ്റ് ഉറച്ച് നിന്നു. തുടർന്നാണ് ജോയി തന്നെ മത്സരിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തത്.
വി ജോയ് വീണ്ടും മത്സരിക്കുന്നതോടെ പുതിയ ജില്ലാ സെക്രട്ടറി തിരുവനന്തപുരത്ത് വരും. തിരുവനന്തപുരം , കോവളം സീറ്റുകൾ ഏറ്റെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നിട്ടുണ്ട്. കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ, പാറശ്ശാല- സി.കെ. ഹരീന്ദ്രൻ, കാട്ടാക്കട-ഐ.ബി. സതീഷ്, നെയ്യാറ്റിൻകര- കെ.ആൻസലൻ, ആറ്റിങ്ങൽ- ഒ.എസ്. അംബിക, വാമനപുരം- ഡി.കെ. മുരളി, വട്ടിയൂർക്കാവ്- വി.കെ. പ്രശാന്ത്, നേമം- വി.ശിവൻകുട്ടി, അരുവിക്കര- ജി.സ്റ്റീഫൻ എന്നിവരാണ് വീണ്ടും ജനവിധി തേടുക.



Be the first to comment