കൊല്ലം കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ തിരിച്ചറിഞ്ഞു. കടത്തൂർ ഗുണ്ടാ സംഘത്തിൽപ്പെട്ട ഗുണ്ടാ തലവൻ വിഷ്ണു (ബ്ളാക്ക് വിഷ്ണു ), ഹുസൈൻ, ആഷിക് (ആഷിക് തോമ) എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ കരുനാഗപ്പള്ളി പോലീസ് FIR രജിസ്റ്റർ ചെയ്തു. ഇവരിൽ ഹുസൈനെ വർഷങ്ങൾക്ക് മുൻപ് അലുവ അതുൽ കുടത്തിന് അടിച്ച് ആക്രമിച്ചിരുന്നു.
അതിലെ മുൻവൈരാഗ്യമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി കുക്കു എന്ന് വിളിക്കുന്ന മനുവും അലുവ അതുലിനൊപ്പം കാറിലുണ്ടായിരുന്നു. മനുവിന് സാരമായ പരുക്കുകൾ ഏറ്റില്ല. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് FIR ൽ പറയുന്നു.
ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. ജാമ്യത്തിലിറങ്ങിയ അലുവ അതുല്‍ സ്റ്റേഷനിലെത്തി മടങ്ങി പോകുന്നതിനിടയിൽ പിന്തുടർന്നെത്തിയ കാർ അതുൽ സഞ്ചരിച്ചിരുന്ന കാറിനെ റോഡിന് സമീപത്തെ കുഴിയിലേക്ക് ഇടിച്ചിടുന്നു.
തുടർന്ന് മാരകായുധങ്ങളുമായി ഇറങ്ങിയ സംഘം അതുലിനെ വെട്ടി പരുക്കേല്പിച്ചു. അക്രമികള്‍ നിരവധി തവണ അതുലിനെ വെട്ടി, അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഘത്തിൽ 5 പേരുണ്ടെന്നാണ് പോലീസ് പറയുന്നത്.അതിൽ 3 പേർക്കെതിരെയാണ് നിലവിൽ FIR ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന ആക്ഷേപവുമുണ്ട്. അതുലിനെ കൊലപ്പെടുത്താൻ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് നല്‍കിയെങ്കിലും പോലീസ് കാര്യമായി ഗൗനിച്ചില്ല.



Be the first to comment