
പ്രായമായവരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് അല്‍ഷിമേഴ്സ്. സാധാരണയായി 60 വയസ്സ് കഴിഞ്ഞവരിലാണ് രോഗം കണ്ടുവരുന്നതെങ്കിലും പ്രായം കുറഞ്ഞവരെയും ഇത് ബാധിക്കാം.പ്രാരംഭഘട്ടത്തിൽ ഓർമ ,ചിന്തിക്കാനുള്ള കഴിവ് ,സ്വഭാവം എന്നിവയെയാണ് രോഗം ബാധിക്കുന്നത്.രോഗം പൂർണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.
എന്നാൽ ചെറുപ്പത്തിൽ തന്നെ അല്‍ഷിമേഴ്സ് തടയാനുള്ള ശ്രമങ്ങൾ തുടങ്ങാവുന്നതാണെന്നും ഇതിനായി ‘ഡ്യുവൽ ടാസ്‌കിംഗ്’ പ്രയോഗിക്കാമെന്നും കണ്ടെത്തിയിരിക്കുകയാണ് ന്യുയോർക്കിലെ ന്യൂറോകോഗ്നിറ്റീവ് സ്പെഷ്യലിസ്റ്റായ ഡോ. ഹീതർ സാൻഡിസൺ. തലച്ചോറിനെ ഉപയോഗിച്ച് ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനായി അവർ നിർദ്ദേശിക്കുന്ന മാർഗമാണ് നടത്തവും വർത്തമാനവും. നടത്തം ശീലമാക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും, തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തിക്കുകയും ചെയ്യും. ഈ കാര്യങ്ങൾ ഒരേ സമയം ചെയ്യുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അവർ പറയുന്നു. ഇത്തരത്തിൽ ‘ഡ്യുവൽ ടാസ്‌കിംഗ്’ ചെയ്യുമ്പോൾ തലച്ചോർ കൂടുതൽ നേരം പ്രവർത്തിക്കുകയും, ഡിമെൻഷ്യ അൽഷിമേഴ്‌സ് പോലെയുള്ള രോഗങ്ങൾ തടയാനും സഹായിക്കും.
ശാരീരിക ചലനങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു മാനസിക പ്രവർത്തനമാണ് നടത്തവും വർത്തമാനവും. ഇത് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഡോ. സാൻഡിസണും ഗവേഷകരും നടത്തിയ പഠനത്തിൽ പ്രായം കൂടുന്നതിനനുസരിച്ച് നടക്കാനും സംസാരിക്കാനുമുള്ള കഴിവ് കുറയുന്നു എന്നും ഒരു 55 വയസാകുമ്പോഴേക്കും ആളുകൾ പൂർണമായും അവരിലേക്ക് തന്നെ ഒതുങ്ങി കൂടാനാണ് കൂടുതൽ ശ്രമിക്കുന്നതെന്നും കണ്ടെത്തി. ഇത് വാർദ്ധക്യത്തിന്റെയോ അൽഷിമേഴ്‌സിന്റെയോ ലക്ഷണമാകാം, എന്നാൽ ‘ഡ്യുവൽ ടാസ്‌കിംഗ്’ ഇതിനൊരു പരിഹാരമായാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്.
Be the first to comment