‘പിരിച്ചുവിടലിന്’കാരണം എഐ അല്ല ;ഒടുവിൽ വെളിപ്പെടുത്തലുമായി ആമസോൺ സിഇഒ

ആമസോണിലെ കൂട്ടപിരിച്ചുവിടലിന് കാരണം എ ഐ അല്ലെന്ന് തുറന്ന് പറഞ്ഞ് സിഇഒ ആന്റി ജാസി. 2022 ന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 14000 തൊഴിലാളികൾക്കാണ് ഇതിലൂടെ ജോലി നഷ്ടമായത്. നടപടിയുടെ ഭാഗമായി കമ്പനി തൊഴിലാളികൾക്ക് ഒഫിഷ്യൽ മെയിൽ അയക്കുകയും ചെയ്തിരുന്നു. സംഭവം വലിയ ചർച്ച ആയതോടെ ഇതിന് പിന്നിൽ എഐ ആണെന്ന തരത്തിലുള്ള വാർത്തകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിനൊരു വിശദീകരണവുമായാണ് ആമസോൺ മേധാവി തന്നെ രംഗത്തെത്തിയത്.

തൊഴിലാളികളെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടോ ,നിർമിത ബുദ്ധിയോ അല്ല , 2017-2022 കാലഘട്ടത്തില്‍ ജോലിക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. പെട്ടന്നുണ്ടായ ഈ മാറ്റം തൊഴിലാളികളുടെ ദൈനംദിന പ്രവർത്തനത്തെ മനസിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇത് കമ്പനിയുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നതിനും കാരണമായതായി അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും അതിവേഗ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഇങ്ങനെ മുന്നോട്ട് പോകുന്ന ഈ ഫാസ്റ്റ് യുഗത്തിൽ ഒന്നിന് വേണ്ടിയും പിന്നിലോട്ട് പോകാൻ സാധിക്കില്ല . തുടക്കത്തിലേ സ്റ്റാർട്ടപ്പ് മാതൃകയിലേക്ക് കമ്പനിയെ എത്തിക്കാനും,അങ്ങനെ പ്രവർത്തനം വേഗത്തിലാക്കാനുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയതെന്നും ആന്റി ജാസി വ്യക്തമാക്കി. ഓഫീസ് ,കോര്‍പ്പറേറ്റ് ജോലികളിലുള്ളവരെയാണ് പ്രധാനമായി ഒഴിവാക്കിയിരിക്കുന്നത്.

എഐയുടെ വരവ് തൊഴിലാളികളുടെ എണ്ണം ക്രമേണ കുറയ്ക്കുമെന്ന് മുൻപ് ആന്റി ജാസി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, പിരിച്ചുവിടല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ എല്ലാവരും നിർമിത ബുദ്ധിയാണ് ഇതിന് പിന്നിലെന്ന് കരുതി. എന്നാൽ ഇത് പൂർണ്ണമായും അദ്ദേഹം നിരസിക്കുകയും സാംസ്‌കാരിക പുനഃസജ്ജീകരണത്തിന്റെ ഭാഗം കൂടിയാണ് ഈ പിരിച്ചുവിടൽ എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*