ഇന്ത്യയിൽ മൂന്നേകാൽ ലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

ന്യൂഡൽഹി: ഇന്ത്യയിൽ മെഗാ നിക്ഷേപവുമായി ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ 35 ബില്യൺ ഡോളർ (3.14 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി ആമസോൺ അറിയിച്ചു. ഇന്ത്യയിൽ മൈക്രോസോഫ്‌റ്റ് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആമസോണിൻ്റെ ഈ വൻ നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനവും.

മൈക്രോസോഫ്റ്റ് ചൊവ്വാഴ്‌ച ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു. നിർമിത ബുദ്ധി സാ​​ങ്കേതിക വിദ്യയിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ‌ക്കായാണ് മൈക്രോസോഫ്റ്റിൻ്റെ നിക്ഷേപം. എഐ, തൊഴിലവസരങ്ങൾ, കയറ്റുമതി (എക്‌സ്പോർട്ട് ഗ്രോത്ത്) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ആമസോണിൻ്റെ പുതിയ മെഗാ നിക്ഷേപങ്ങൾ എന്ന് കമ്പനി അറിയിച്ചു. ആമസോണിൻ്റെ സംഭാവ് ഉച്ചകോടിയിലാണ് നിക്ഷേപ പ്രഖ്യാപനം നടത്തിയത്. എമർജിംഗ് മാർക്കറ്റ്‌സിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റ് അമിത് അഗർവാൾ നിക്ഷേപത്തെക്കുറിച്ച് വിശദീകരിച്ചു.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിലവിൽ ഏകദേശം 20 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 80 ബില്യൺ യുഎസ് ഡോളറായി ഉയർത്തും. 2030 ആകുമ്പോഴേക്കും ഒരു ദശലക്ഷം നേരിട്ടുള്ളതും അല്ലാതെയുമായ നിരവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും കമ്പനി ലക്ഷ്യമിടുന്നു എന്ന് അമിത് അഗർവാൾ പറഞ്ഞു.

“2010 മുതൽ ആമസോൺ ഇന്ത്യയിൽ ഇതുവരെ 40 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോൾ 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ എല്ലാ ബിസിനസുകളിലുമായി 35 ബില്യൺ യുഎസ് ഡോളർ കൂടി നിക്ഷേപിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോണിൻ്റെ നിക്ഷേപ പദ്ധതി മൈക്രോസോഫ്റ്റിൻ്റെ 17.5 ബില്യൺ യുഎസ് ഡോളറിൻ്റെ രണ്ട് മടങ്ങാണ്. 2030 ആകുമ്പോഴേക്കും ഗൂഗിളിൻ്റെ 15 ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുടെ 2.3 മടങ്ങുമാകും. കീസ്റ്റോൺ റിപ്പോർട്ട് പ്രകാരം, കമ്പനി ഇതുവരെ ഇന്ത്യയിൽ 40 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകനാണ് ആമസോൺ എന്നും കമ്പനി വൈസ് പ്രസിഡൻ്റ് അഗർവാൾ പറഞ്ഞു.

തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്‌ടറുകളിലും ആമസോൺ നിക്ഷേപം നടത്തും. 2030 ഓടെ ഇന്ത്യയിൽ 12.7 ബില്യൺ യുഎസ് ഡോളർ കൂടെ നിക്ഷേപിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. 2016 നും 2022 നും ഇടയിൽ കമ്പനി ഇതിനകം 3.7 ബില്യൺ യുഎസ് ഡോളർ ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഔട്ട്ലെറ്റുകൾ, ഗതാഗത സംവിധാനങ്ങൾ, ഡാറ്റാ സെൻ്ററുകൾ, ഡിജിറ്റൽ പേമെൻ്റ്, സാങ്കേതിക വികസനം എന്നിവയിൽ കമ്പനി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ മേഖലകളിൽ നേരിട്ടും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനായാണ് കമ്പനി നിക്ഷേപം നടത്തിയത് – അമിത് അഗർവാൾ പറഞ്ഞു.

ആമസോൺ 12 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. 20 ബില്യൺ യുഎസ് ഡോളറിൻ്റെ ഇ-കൊമേഴ്‌സ് കയറ്റുമതിയും ചെയ്‌തു. 2024 ൽ ഇന്ത്യയിലെ വ്യവസായങ്ങളിലുടനീളം ഏകദേശം 2.8 ദശലക്ഷം നേരിട്ടും അല്ലാതെയുമായി നിരവധി തൊഴിലവസരങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്‌തു.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനായി ആമസോൺ “ആക്‌സിലറേറ്റ് എക്സ്പോർട്ട്സ്” എന്ന നിർമാണ സംരംഭം ആരംഭിച്ചിരുന്നു. ഇത് ഡിജിറ്റൽ സംരംഭകരെ നിർമാതാക്കളുമായി ബന്ധിപ്പിക്കുന്നതിനും വിവര ശേഖരണത്തിനും ആഗോള തലത്തിൽ വിജയകരമായ നിർമാതക്കളാക്കുന്നതിനും സഹായിക്കുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ പല ഇടങ്ങളിലായി പരിപാടികൾ നടത്തും. തിരുപ്പൂർ, കാൺപൂർ, സൂററ്റ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പത്തിലധികം നിർമാണ ക്ലസ്റ്ററുകളിൽ ആമസോൺ ഓൺ-ഗ്രൗണ്ട് ഓൺബോർഡിങ് ഡ്രൈവുകൾ സംഘടിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*