രാഹുൽ ഗാന്ധി നടത്തിയത് വോട്ട് മോഷണ യാത്ര അല്ല, നുഴഞ്ഞു കയറ്റ സംരക്ഷണ യാത്ര; അമിത് ഷാ

രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി എന്നാരോപിച്ച് രാഹുൽ ഗാന്ധി തെളിവുകളടക്കം പുറത്തുവിട്ടിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ ഗുരുതര ആരോപണങ്ങളും രാഹുൽ വാർത്താ സമ്മേളനത്തിൽ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്.

രാഹുൽ ഗാന്ധി നടത്തിയത് വോട്ട് മോഷണ യാത്ര അല്ല. നുഴഞ്ഞു കയറ്റ സംരക്ഷണ യാത്രയെന്ന് അമിത് ഷാ വ്യക്തമാക്കി. തെറ്റായ വ്യാഖ്യാനം പ്രചരിപ്പിക്കാനാണ് യാത്ര നടത്തിയത്. ബിഹാറിൽ പ്രതിപക്ഷം അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാർ ഒഴുകും. ഇത് ഓരോ വീടുകളിലും ചെന്ന് പറയേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമെന്ന് ബിഹാറിലെ റോഹ്താസിൽ നടന്ന റാലിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘എല്ലായ്പ്പോഴും തെറ്റിദ്ധാരണ പടർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിനടത്തിയ യാത്ര വോട്ട് മോഷണത്തിന്റെ പേരിലായിരുന്നില്ല. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ രക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പര്യടനത്തിലെ ഉദ്ദേശം. നിങ്ങൾ ആർക്കെങ്കിലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടോ?.നുഴഞ്ഞു കയറ്റക്കാർക്ക് വോട്ടവകാശമോ സൗജന്യ റേഷനോ വേണോ? നുഴഞ്ഞു കയറ്റക്കാർക്ക് ജോലി, വീടുകൾ, ചികിത്സ എന്നിവ നൽകണോ? നമ്മുടെ ഈ യുവാക്കൾക്ക് പകരം നുഴഞ്ഞു കയറ്റക്കാർക്ക് രാഹുൽ ഗാന്ധിയും കമ്പനിയും ജോലി നൽകുന്ന പ്രവൃത്തിയാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാ വീടുകളിലും പോയി അവരുടെ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചാൽ, ബിഹാറിലെ എല്ലാ ജില്ലയിലും നുഴഞ്ഞു കയറ്റക്കാർ മാത്രമേ ഉണ്ടാകൂഎന്ന് പറയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’ – അമിത് ഷാ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*