തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോൺഗ്രസ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന് വേണ്ടി അല്ല പ്രവർത്തിക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് അല്ലാതെ മറ്റാർക്കും വോട്ട് അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ആജ്ഞങ്ങൾ അനുസരിച്ചല്ല തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്തുകയെന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 327 തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താൻ പൂർണ്ണ അധികാരം നൽകുന്നു. വോട്ടർ പട്ടിക ശുദ്ധീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ.നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
നവംബർ 5ന് രാഹുൽ ഗാന്ധി ഒരു ഹൈഡ്രജൻ ബോംബ് പൊട്ടിച്ചു. ഹരിയാനയിലെ ഒരു വീട്ടിൽ നിരവധി വോട്ടുകൾ ഉണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു വീട്ട് നമ്പറിൽ നിരവധി കുടുംബങ്ങൾ താമസിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. ഇത് വ്യാജ വോട്ടുകൾ അല്ല. വോട്ടർപട്ടിക ശുദ്ധീകരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. അതല്ലേ എസ്ഐആർ പ്രക്രിയയിൽ നടത്തുന്നത് എന്ന് അമിത ഷാ ചോദിച്ചു.
ബിഹാറിൽ പരാജയപ്പെടുമെന്ന് ആയപ്പോഴാണ് വോട്ടർ പട്ടികയെ പഴിച്ച് കോൺഗ്രസ് എത്തിയത്. ജയിക്കുമെന്ന് കണ്ടാൽ വോട്ടർപട്ടിക നല്ലതെന്ന് പറയുമെന്ന് അമിത് ഷാ പരിഹസിച്ചു. രാഹുൽ ഗാന്ധി മൂന്ന് വാർത്താസമ്മേളനങ്ങൾ നടത്തി. എന്നിട്ട് എന്തായി എന്ന് രാഹുലിനോട് അമിത് ഷാ ചോദിച്ചു. തങ്ങൾ പരാജയപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് പരാജയപ്പെടുന്നത് ഇവിഎമ്മിന്റെ പ്രശ്നം കൊണ്ടല്ല. ദുർബലമായ നേതൃത്വത്തിന്റ കാരണം കൊണ്ട്. ഇവിഎം കൊണ്ടുവന്നത് കോൺഗ്രസ് ആണ്. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇതിനായുള്ള നിയമവ്യവസ്ഥ കൊണ്ടുവന്നതെന്ന് അദേഹം പറഞ്ഞു.
വോട്ട് ചോരി നടത്തിയത് നെഹ്‌റുവും ഇന്ദിര ഗാന്ധിയും എന്ന് അമിത് ഷാ ആരോപിച്ചു. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഇതെല്ലാം ചരിത്രമാണെന്ന് അദേഹം പറഞ്ഞു. സോണിയ ഗാന്ധി അങ്ങനെ ഒരു വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന് കെ സി വേണുഗോപാൽ തിരിച്ചടിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ആഭ്യന്തരമന്ത്രി നടത്തുന്നതെന്നും അങ്ങനെ വോട്ട് ചെയ്തെങ്കിൽ തെളിയിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.



Be the first to comment