താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അമ്മ യോഗത്തിലാണ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് 11 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിക്കാര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.
മെമ്മറി കാര്‍ഡ് കെപിഎസി ലളിതയുടെ കൈയിലുണ്ടായിരുന്നു എന്നിടത്താണ് അന്വേഷണം അവസാനിക്കുന്നതെന്നാണ് ആഭ്യന്തര അന്വേഷണസമിതിയുടെ കണ്ടെത്തല്‍. ഇതില്‍ ആരും പ്രതികളോ കുറ്റക്കാരോ ആണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കുന്നത്. മൊഴികളില്‍ ഉള്‍പ്പെടെ അമ്മയ്ക്ക് പൂര്‍ണ തൃപ്തിയുണ്ടെന്ന് ശ്വേത മോനോന്‍ അറിയിച്ചു. വനിതാ അംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും അത് റെക്കോര്‍ഡ് ചെയ്തു എന്നത് സത്യമാണെന്നും എന്നാല്‍ ആ മെമ്മറി കാര്‍ഡ് കെപിഎസി ലളിതയ്ക്ക് കൈമാറിയെന്നുമാണ് കണ്ടെത്തല്‍.
മുതിര്‍ന്ന നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. സിനിമാ മേഖലയില്‍ തങ്ങള്‍ നേരിട്ട ചില ദുരനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അത് റെക്കോര്‍ഡ് ചെയ്തുവെന്നായിരുന്നു കുക്കു പരമേശ്വരനെതിരായ ആരോപണം. ഇതുപയോഗിച്ച് നടികളെ ഭീഷണിപ്പെടുത്താന്‍ ഉള്‍പ്പെടെ സാധ്യതയുണ്ടെന്നായിരുന്നു പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നത്.



Be the first to comment