സംസ്ഥാനത്തെ ആരോഗ്യ മേഖലയ്‌ക്ക് കരുത്താകാന്‍ എംജി സര്‍വകലാശാല. യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്‍ററും സ്‌മോള്‍ ആനിമല്‍ ഹൗസും ഉദ്‌ഘാടത്തിനൊരുങ്ങി. സര്‍വകലാശാലയുടെ പുതുപ്പള്ളി തലപ്പാടി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്‌പിറ്റലിലാണ് പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നത്. പുതിയ സംവിധാനങ്ങളുടെ ഉദ്‌ഘാടനം 26ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവനും നിര്‍വ്വഹിക്കും.
തിരുവനന്തപുരം ശ്രീചിത്ര നിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശേഷം കേരളത്തിലെ രണ്ടാമത്തെ വലിയ സ്‌മോള്‍ ആനിമല്‍ ഹൗസാണ് കോട്ടയത്ത് ഒരുങ്ങുന്നത്. 2000 എലികളെ സൂക്ഷിക്കാന്‍ ശേഷിയുള്ള ആധുനിക കൂടുകളാണ് ഇവിടെയുള്ളത്. കൂടാതെ ആനിമല്‍ ബിഹേവിയറല്‍ റിസര്‍ച്ച് ഉപകരണങ്ങള്‍, ബയോമെഡിക്കല്‍ ഗവേഷണത്തിനുള്ള വിപുലമായ സൗകര്യങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. സിടി അരവിന്ദ കുമാര്‍ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.
ചെറുക്കാം അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്താനുള്ള നവീന ജലപരിശോധനാ സൗകര്യത്തിനാണ് അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്‍ററിലൂടെ തുടക്കമാകുന്നത്. IUCBR & SSHന്‍റെ ഭാഗമായി ആരംഭിക്കുന്ന അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്‍ററിന്‍റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവൻ 26ന് നിര്‍വ്വഹിക്കും. ഇന്ത്യയില്‍ ഒരു സര്‍വകലാശാല ഇതാദ്യമായിട്ടായിരിക്കും ഈ രംഗത്ത് തുടക്കം കുറിക്കുന്നത്.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ അമീബിക് മസ്‌തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു സംരംഭത്തിനാണ് സര്‍വകലാശാല തുടക്കമിടുന്നത്. സര്‍വകലാശാലകളുടെ ഇടയില്‍ ഒരു മാതൃകാ സംരംഭമാണിത്. ബയോമെഡിക്കല്‍ മേഖലയില്‍ കുതിച്ചുചാട്ടമാണ് മുന്നിലുള്ളതെന്ന് ഡോ. അരവിന്ദകുമാര്‍ പറഞ്ഞു.
അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ പരിശോധന സൗകര്യം നിലവില്‍ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും അടിയന്തരമായി സ്ഥാപിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മഹാത്മാഗാന്ധി സര്‍വകലാശാല ദൗത്യവുമായി മുന്നിട്ടിറങ്ങുന്നത്.
പ്രധാനമായും അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന എൻ ഫൗവ്‌ലേരി, അക്കാൻന്തമീബ, ബലമുത്തിയ മാൻഡ്രിലാറിസ് തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിയാനാണ് സൗകര്യം ഒരുക്കുന്നത്. രോഗകാരിയായ അമീബകളെ വീടുകളില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്നത് ജലസുരക്ഷ ഉറപ്പാക്കാനും ആരോഗ്യ ഭീഷണി ഇല്ലാതാക്കാനും സഹായിക്കും. ഇതുവഴി ലബോറട്ടറി പരിശോധനകളെയും പൊതുജനാരോഗ്യത്തെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിടി അരവിന്ദകുമാര്‍, ഐയുസിബിആര്‍ ഡയറക്‌ടര്‍ ഡോ. രാധാകൃഷ്‌ണന്‍ ഇകെ, ശാസ്‌ത്രജ്ഞരായ ഡോ.ഗൗതം ചന്ദ്ര, ഡോ.രാജേഷ് എ. ഷെണോയി എന്നിവരുടെ നേതൃത്വത്തില്‍ നിഷാദ് കീത്തേടത്ത്, ആനന്ദ് കൃഷ്‌ണന്‍, സകീന അസ്‌മി, നീതു പി, അശ്വതി എസ് എന്നീ ഗവേഷകരാണ് പരിശോധന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
കൊവിഡ് മഹാമാരിക്കാലത്ത് 4 ലക്ഷം സാമ്പിളുകള്‍ വിജയകരമായി പരിശോധന നടത്തി സാമൂഹിക പ്രതിബദ്ധത തെളിയിച്ച സ്ഥാപനമാണ് IUCBR & SSH. ചുറ്റുപാടുകളിലുള്ള ജലാശയങ്ങളില്‍ നിന്ന് അമീബയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ടെസ്റ്റിങ് കിറ്റും IUCBR & SSH വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. രോഗ വ്യാപന സാധ്യതകള്‍ നേരത്തെ തിരിച്ചറിയാനും പ്രതിരോധ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാനും ഇതിലൂടെ കഴിയുമെന്നതാണ് നേട്ടം.
മഹാത്മാഗാന്ധി സര്‍വകലാശാല തുടക്കമിടുന്ന സംരംഭങ്ങള്‍ കേരളത്തിലെ ആരോഗ്യ ഗവേഷണ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഒരു പ്രധാന കാല്‍വയ്‌പ്പ് ആകുമെന്നാണ് പ്രതീക്ഷ.



Be the first to comment