ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത്. തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി.

പുലര്‍ച്ചെ 3:20നാണ് ബോയിംഗ് 777337 ഇആര്‍ വിമാനം ടേക്ക് ഓഫ് ചെയതത്. പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികമായ കുറവ് ശ്രദ്ധയില്‍പ്പെട്ടു. ഇത് പൂജ്യത്തിലേക്ക് താഴ്ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് മുംബൈയിലേക്ക് പോകാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

വിമാനത്തിന്റെ എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കാനും സുഗമമായി പ്രവര്‍ത്തിപ്പിക്കാനും ഓയില്‍ അത്യാവശ്യമായതിനാല്‍, മര്‍ദ്ദം പൂജ്യമാകുന്നത് എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കാനോ തീപിടിക്കാനോ ഉള്ള സാധ്യതയുണ്ട്. അതിനാലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. സംഭവത്തെത്തുടര്‍ന്ന് സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിനുപുറമെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഉഏഇഅ) അന്വേഷണം നടത്താനും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*