
തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടിയിലെ കുട്ടികൾക്ക് നിർബന്ധിതമായി രാഖി കെട്ടിയെന്ന് ആരോപണം. വർക്കല താലൂക്ക് ഓഫീസിൽ DYFI പ്രതിഷേധം ഉണ്ടായി. കുട്ടികൾക്ക് രാഖി കെട്ടണമെന്ന് ടീച്ചേഴ്സിനോട് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ നിർദേശിക്കുന്ന ശബ്ദസംഭാഷണം. വർക്കലയിലെ ബിജെപി കൗൺസിലർ കുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രവും ഇതിനകം പുറത്തുവന്നു.
രാഖി ഉണ്ടാക്കി കുട്ടികളുടെ കൈയ്യിൽ കെട്ടണമെന്നും രാഖി കെട്ടുന്ന ഫോട്ടോ കേന്ദ്രസർക്കാറിന് അപ്‌ലോഡ് ചെയ്യണമെന്നും ഓഡിയോ സന്ദേശത്തിൽ CDPO നിർദേശം നൽകി.വർക്കല താലൂക്ക് ഓഫീസിന്റെ പരിധിയിൽ വരുന്ന അങ്കണവാടിയിലെ ടീച്ചർമാർക്കായിരുന്നു നിർദേശം നൽകിയത്.
അങ്കണവാടികളിൽ ദേശീയപതാക ഉയർത്തണം, ദേശീയഗാനം ആലപിക്കണം ഒപ്പം തന്നെ മധുരം വിതരണം ചെയ്യണമെന്നുമായിരുന്നു വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നത്. മാത്രമല്ല കുട്ടികളെക്കൊണ്ട് രാഖി നിർമിച്ച അത് വിമുക്ത ഭടൻന്മാർക്കും പൊലീസുകാർക്കും പോസ്റ്റൽ വഴി നൽകണം. ദേശീയ പതാകയ്ക്ക് മുന്നിലുള്ള കുട്ടികളുടെ ചിത്രം ഹർ ഘർ തിരംഗ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ ഇതിന് വിപരീതമായാണ് വർക്കലയിൽ നടന്ന സംഭവം. കുട്ടികളുടെ കൈയ്യിൽ നിർബന്ധിച്ച് രാഖി കെട്ടിക്കണമെന്നാണ് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞത്.
അതേസമയം, സംഭവത്തിൽ ഡിവൈഎഫ്‌ഐയുടെ നേത്യത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കുലറുകൾക്ക് വിരുദ്ധമായി ചൈൽഡ് ഡെവലപ്മെൻ്റ് പ്രോജക്ട് ഓഫീസർ പ്രവർത്തിച്ചു എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. കുട്ടികൾ കൈയ്യിൽ രാഖി കിട്ടണമെന്ന നിർദേശം കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം നടപടി എന്തുകൊണ്ട് സ്വീകരിച്ചുവെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ പ്രതികരണം നടത്തിയിട്ടില്ല.
Be the first to comment