ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന്‍ നിഷ്‌ക്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടി വന്നേക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യത്ത് സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വിദേശശക്തികളുടെ പിന്തുണയുള്ള കലാപങ്ങളാണെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഇറാനെ ആക്രമിക്കുന്നപക്ഷം പ്രദേശങ്ങളുള്ള അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കന്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫിന്റെ മുന്നറിയിപ്പുണ്ട്. ഇറാനുമേല്‍ 25 ശതമാനം തീരുവ ഏര്‍പ്പടുത്താനുള്ള തീരുമാനം ഇന്ത്യയ്ക്കും ചൈനയ്ക്കും തുര്‍ക്കിക്കും തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടര്‍ വ്യാപാര ചര്‍ച്ചകള്‍ ഇന്നു നടക്കുമെന്ന് ഇന്ത്യയില്‍ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോര്‍ അറിയിച്ചു. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ലെന്നും ഗോര്‍.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വ്യാപാരത്തിന് വലിയ പ്രാധാന്യമാണുള്ളത്. സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികള്‍, ഊര്‍ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനം തുടരുമെന്നും ഗോര്‍. അമേരിക്ക നിലവില്‍ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏര്‍്പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 25 ശതമാനം തീരുവ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ് ഈടാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*