നല്ല ചുവന്ന തക്കാളി ഡയറ്റിൽ ചേർക്കാം, വിഷാദത്തെ അകറ്റി നിർത്താം

വിഷാദ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ചുവന്ന പഴങ്ങൾക്ക് സാധിക്കുമെന്ന് പഠനം. തക്കാളി, തണ്ണിമത്തൻ പോലുള്ള ചുവന്ന പഴങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതരം ആന്റിഓക്സിഡന്റ് ആയ ലൈക്കോപീൻ വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ് സയൻസ് ആൻ്റ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു.

ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം നൽകുന്നത്. ഇവ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തില്‍ ലൈക്കോപീൻ പതിവായി നൽകിയ എലികള്‍ കൂടുതൽ സാമൂഹികവും സംവേദനാത്മകവുമായി മാറിയതായി കണ്ടെത്തി.

വിഷാദം പൊതുവെ മാനസികാവസ്ഥ മോശമാക്കുന്നതിനാൽ സാമൂഹിക പെരുമാറ്റത്തിലെ പുരോഗതി പ്രതീക്ഷ നൽകുന്നതാണെന്ന് ​ഗവേഷകർ പറയുന്നു. കൂടാതെ വിഷാദത്തിലാകുമ്പോൾ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുർബലമാകുന്നു. ഇത് തലച്ചോറിലെ വൈകാരിക പ്രോസസ്സിംഗ്, മെമ്മറി എന്നിവയുമായി ബന്ധപ്പെട്ട ഭാഗമായ ഹിപ്പോകാമ്പസിനെയും ബാധിക്കുന്നു. ലൈക്കോപീൻ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുകത്തുന്നുവെന്ന് കണ്ടെത്തിയെന്നും ഗവേഷകര്‍ പറഞ്ഞു.

തലച്ചോറിലെ കോശങ്ങളുടെ നിലനിൽപ്പിനും ആശയവിനിമയത്തിനും അത്യാവശ്യമായ ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ (ബിഡിഎൻഎഫ്) അളവ് ലൈക്കോപീൻ വർധിപ്പിച്ചുവെന്ന് പഠനം വെളിപ്പെടുത്തി. എന്നാല്‍ ഇതിൽ കൂടുതൽ പരീക്ഷണം ആവശ്യമാണെന്നും ​ഗവേഷകർ പറയുന്നു. അതേസമയം പഠനത്തിൽ മനുഷ്യർക്ക് ലൈക്കോപീൻ വളരെ ഉയർന്ന അളവിൽ ആവശ്യമാണ്.(ശരാശരി മുതിർന്ന ഒരാൾക്ക് പ്രതിദിനം ഏകദേശം 110 മില്ലിഗ്രാം).

Be the first to comment

Leave a Reply

Your email address will not be published.


*