നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് താൻ പണം തിരികെ കൊടുത്തു. എൻ എം രാജു തനിക്ക് തന്ന പണം എത്രയാണോ അത് താൻ തിരികെ കൊടുത്തിട്ടുണ്ട്. രാജുവിന്റെ മകൾ വീട്ടിൽ വന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെ നിയമപരമായി നേരിടുമെന്ന് ആൻ്റോ ആൻ്റണി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകൾ എല്ലാം കൃത്യമാണ്. അതിൽ എല്ലാ തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജു യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് തന്നെ സാമ്പത്തികമായി തിരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചത്. രാജു ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണ്. അതുകൊണ്ടാണ് തനിക്കെതിരെ ഇത്തരം ഒരു ആരോപണം ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്ന് ആന്റോ ആന്റണി ആരോപിച്ചു. രാജു തന്നെ തേജോവധം ചെയ്യുകയാണെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു.
ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയെന്നും കരഞ്ഞ് കാലു പിടിച്ചിട്ടും തിരികെ തന്നില്ലെന്നും തകർന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമ തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു ആരോപിച്ചിരുന്നു. ആന്റോആന്റണിക്ക് നൽകിയത് നിക്ഷേപകരുടെ പണമാണ്. ഇക്കാര്യം ഇ ഡിയേയും ക്രൈം ബ്രാഞ്ചിനേയും അറിയിച്ചു. ഏഴ് വർഷമായിട്ടും തുക തിരിച്ചടച്ചില്ല. അടച്ചത് 20 ലക്ഷം മാത്രമാണെന്ന് എൻ എം രാജു പറഞ്ഞിരുന്നു.



Be the first to comment