തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തി.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. താൻ നിരപരാധി.
ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിൽ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. 2005 ൽ പൊടുന്നനെ തനിക്കെതിരെ കേസ് വന്നത്. തെരഞ്ഞെടുപ്പിന് മുൻപാണ് അന്ന് കേസ് വരുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി.
ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ വരെ ആൻ്റണി രാജുവിനെതിരെ തെളിഞ്ഞതായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു. മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണ്. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്.
പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.
വഞ്ചിയൂർ കോടതിയിൽ വർഷങ്ങളോളം കേസിൽ വിചാരണ നടക്കാതെ കിടന്നു. ഒടുവിൽ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 22 പ്രാവശ്യം മന്ത്രിയായിരുന്നപ്പോള്‍ കേസ് പരിഗണിച്ചു മാറ്റി. വീണ്ടും കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ ആൻ്റണി രാജു കേസ് റദ്ദാക്കാൻ സുപ്രീം കോടതി വരെ പോയി. പക്ഷെ വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. ഒടുവിലാണ് നിർണായക വിധി പുറത്തുവന്നിരിക്കുന്നത്.



Be the first to comment