അനുമോളുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവ് വിജേഷ് പിടിയിൽ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് പിടിയിൽ. അനുമോളുടെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ വിജേഷിനെ കുമളിക്കു സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് പിടികൂടിയത്. വിജേഷിന്റെ മൊബൈൽ ഫോൺ ഏതാനും ദിവസങ്ങൾക്കു മുൻപ് വനമേഖലയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവർ ലൊക്കേഷൻ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കുന്നതിനാണ് വിജേഷ് മൊബൈൽ വനത്തിൽ ഉപേക്ഷിച്ചത്. ഏക മകളെ ബന്ധുവീട്ടിൽ ഏൽപ്പിച്ച ശേഷമാണ് വിജേഷ് ഒളിവിൽ പോയത്. വനമേഖലയിൽ ഒളിവിൽ കഴിയുമ്പോഴാണ് പൊലീസ് വിജേഷിനെ പിടികൂടിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണു മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതൽ കാണാനില്ലായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്നാട് അതിർത്തിയിലെ വനത്തിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*